നടന്‍ അനില്‍ മുരളി അന്തരിച്ചു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി; പ്രമുഖ മലയാളം നടന്‍ അനില്‍ മുരളി അന്തരിച്ചു. 52 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

ഈ മാസം 22 നാണ് അദ്ദേഹം കരൾരോ​ഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. മരണസമയത്ത് മകന്‍ ആദിത്യയാണ് കൂടെയുണ്ടായിരുന്നത്. ഭാര്യ സുമയും മകള്‍ അരുന്ധതിയും വിദേശത്താണ്. മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേക്കായിരിക്കും കൊണ്ടുപോവുക. 

തിരുവനന്തപുരം സ്വദേശിയായിരുന്ന അദ്ദേഹം കുറച്ചു വര്‍ഷങ്ങളായി ഇടപ്പള്ളിയില്‍ ഒരു ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിതയാണ് ആദ്യ ചിത്രം. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് അദ്ദേഹം ക്യാരക്റ്റര്‍ റോളിലേക്ക് മാറുകയായിരുന്നു. വാല്‍ക്കണ്ണാടി, നായകന്‍, ട്വന്റി, അണ്ണന്‍ തമ്പി, ജോസഫ്, ഉയരെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി. ഫോറന്‍സിക്കാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com