'ആഴ്ചയിൽ ഏഴു തവണ കപ്പയും മീനും കഴിക്കാം, അതാണ് സന്തോഷം'; വീട്ടിൽ നിന്ന് കാർത്തികയുടെ വിശേഷങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st July 2020 04:58 PM |
Last Updated: 31st July 2020 04:58 PM | A+A A- |
രണ്ട് സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് കാർത്തിക മുരളീധരൻ. അഭിനയത്തിൽ സജീവമല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. ലോക്ക്ഡൗണിലെ തന്റെ ജീവിതത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റുകളാണ് ശ്രദ്ധനേടുന്നത്. ലോക്ക്ഡൗണിൽ പഠിച്ച കാര്യങ്ങളും മിസ് ചെയ്യുന്ന കാര്യങ്ങളുമെല്ലാം താരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് താരം വിശേഷങ്ങൾ പങ്കുവെക്കുന്നത്.
വീട്ടിലെ ഇഷ്ടപ്പെട്ട സ്ഥലത്തേക്കുറിച്ചാണ് താരത്തിന്റെ ആദ്യത്തെ പോസ്റ്റ്. അമ്മയുടെ ഗാർഡനാണ് തനിക്ക് ഏറ്റവും ഇഷ്ടഇടം എന്നാണ് താരം കുറിക്കുന്നത്. തന്റെ മുറിക്ക് രണ്ടാം സ്ഥാനമാണെന്നും കാർത്തിക പറയുന്നു. കൂടാതെ ടെറസ് ഉപയോഗിക്കാൻ സൗകര്യമുള്ള സുഹൃത്തുക്കളോടുള്ള കുശുമ്പും താരം മറച്ചുവെക്കുന്നില്ല. തന്റെ ആകാശവും ഉറ്റസുഹൃത്തിനേയും മിസ് ചെയ്യുന്നുവെന്നും കാർത്തിക കുറിച്ചു.
ഇഷ്ട ഭക്ഷണത്തേക്കുറിച്ചും താരം പറയുന്നുണ്ട്. 2022വരെ ആഴ്ചയിൽ 7 തവണ വീതം കപ്പയും മീനും തനിക്ക് കഴിക്കാനാവുമെന്നും സന്തോഷം മാത്രമൊള്ളൂവെന്നുമാണ് കാർത്തികയുടെ വാക്കുകൾ. ലോക്ക്ഡൗണിൽ പഠിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ഐബ്രോയും അപ്പർലിപ്സും സ്വന്തമായി ചെയ്യാൻ പഠിച്ചുവെന്നും ദോശ ചുടാൻ പഠിച്ചെന്നുമൊക്കെയാണ് കാർത്തിക കുറിക്കുന്നത്.
സിഐഎയിലൂടെ ദുൽഖർ സൽമാന്റെ നായികയായാണ് കാർത്തിക മുരളീധരൻ അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടിക്കൊപ്പം അങ്കിൾ എന്ന ചിത്രത്തിലാണ് കാർത്തിക എത്തിയത്. മികച്ച പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ നേടിയെങ്കിലും കാർത്തികയെ പിന്നീട് സിനിമയിൽ കണ്ടിട്ടില്ല. മുംബൈയിലാണ് താരം താമസിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ പികെ മുരളീധരന്റെ മകളാണ്. ഇപ്പോൾ പഠനത്തിലാണ് കാർത്തിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.