റിയയ്‌ക്കെതിരെ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു; സുശാന്തിന്റെ കുടുംബത്തിനെതിരെ പരാതിയുമായി കേസിലെ മുഖ്യസാക്ഷി

റിയ ചക്രബര്‍ത്തിക്കെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുശാന്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് അജ്ഞാത നമ്പറുകളില്‍ നിന്നും ഫോണ്‍ സന്ദേശം വരുന്നു എന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്
റിയയ്‌ക്കെതിരെ മൊഴി കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു; സുശാന്തിന്റെ കുടുംബത്തിനെതിരെ പരാതിയുമായി കേസിലെ മുഖ്യസാക്ഷി

മുംബൈ; ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ ആരോപണങ്ങളുമായി കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തെത്തിയിരിക്കുകയാണ്. സുശാന്തിന്റെ അച്ഛന്‍ റിയയ്‌ക്കെതിരെ പരാതിയും നല്‍കി. സാമ്പത്തികമായും മാനസികമായും സുശാന്തിനെ റിയ തളര്‍ത്തി എന്നാണ് ആരോപണം. ഇപ്പോള്‍ റിയയ്‌ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധം ചെലുത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ അടുത്ത സുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമായ സിദ്ധാര്‍ത്ഥ് പിതാനി.

മുംബൈ പൊലീസിനാണ് സിദ്ധാര്‍ത്ഥ് പരാതി നല്‍കിയത്. റിയ ചക്രബര്‍ത്തിക്കെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുശാന്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് അജ്ഞാത നമ്പറുകളില്‍ നിന്നും ഫോണ്‍ സന്ദേശം വരുന്നു എന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. 28ന് ഇമെയിലിലൂടെയാണ് അദ്ദേഹം പരാതി അയച്ചത്. സുശാന്തിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണ്‍കോള്‍ എങ്കിലും വന്നിട്ടുണ്ടെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. സുശാന്തിനൊപ്പം  താമസിച്ചിരുന്ന സമയത്ത് റിയ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പറയാനും അവര്‍ പറഞ്ഞു.

സുശാന്തിന്റെ  സഹോദരി മീതു, ബന്ധു ഒപി സിങ് ഉള്‍പ്പടെയുള്ളവരാണ് വിളിച്ചത്. ജൂലൈ 22 നാണ് ഇവരുടെ കോണ്‍ഫറന്‍സ് കോള്‍ വരുന്നത്. തുടര്‍ന്ന് ഒരു അജ്ഞാത നമ്പര്‍ കൂടി ഇതിലേക്ക് ചേര്‍ന്നു. തുടര്‍ന്ന് ജൂലൈ 27 നും ഇതേപോലെ കോള്‍ വന്നു. തനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് പോലും മൊഴി നല്‍കാന്‍ നിര്‍ബന്ധം ചെലുത്തി എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

റിയയ്‌ക്കെതിരെ പരാതിയുമായി സുശാന്തിന്റെ അച്ഛന്‍ എത്തിയതോടെയാണ് നടിയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമായത്. കോടിക്കണക്കിന് രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് റിയയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്. സുശാന്തിന്റെ മുന്‍ കാമുകി അങ്കിതയും റിയയ്‌ക്കെതിരെ രംഗത്തെത്തി. റിയയ്‌ക്കെതിരെയുള്ള കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബിഹാറിലാണ്. കേസ് മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജൂണ്‍ 14നാണ് സുശാന്തിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബോളിവുഡിലെ പ്രമുഖരായ മഹേഷ് ഭട്ട്, സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര ഉള്‍പ്പടെ 41 പേരെ ഇതിനോടകം പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com