'ആ എപ്പിസോഡ് പുറത്തുവന്നിരുന്നെങ്കില്‍, മഹാമാരിയെ ഞങ്ങള്‍ മുതലെടുക്കുകയാണെന്ന് പറയുമായിരുന്നു'; അനുപം ഖേര്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എക്‌സ്പ്രസ് എക്‌സ്പ്രഷന്‍സില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം
'ആ എപ്പിസോഡ് പുറത്തുവന്നിരുന്നെങ്കില്‍, മഹാമാരിയെ ഞങ്ങള്‍ മുതലെടുക്കുകയാണെന്ന് പറയുമായിരുന്നു'; അനുപം ഖേര്‍

ബോളിവുഡിലെ മുതിര്‍ന്ന അഭിനേതാവായി മാത്രം ഒതുങ്ങാന്‍ തയ്യാറല്ല അനുപം ഖേര്‍. ഇപ്പോള്‍ ഹോളിവുഡിലെ ഇന്ത്യയുടെ മുഖമായി മാറുകയാണ് താരം. സില്‍വര്‍ ലൈനിങ് പ്ലേബുക്ക്, ദി ബിഗ് സിക്ക് എന്നീ ഹോളിവുഡ് സിനിമകള്‍ക്ക് ശേഷം ന്യൂ ആംസ്റ്റര്‍ഡാം എന്ന സീരീസിലെ പ്രധാന കഥാപാത്രമായി എത്തുകയാണ് അനുപം ഖേര്‍. നിലവില്‍ ലോകം കടന്നുപോകുന്ന അവസ്ഥയുടേതിന് സമാനമായ രംഗങ്ങള്‍ സീരീസിനുവേണ്ടി ചിത്രീകരിച്ചിരുന്നെന്നും എന്നാല്‍ അത് റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എക്‌സ്പ്രഷന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കാവേരി ബാംസായ് എന്നിവരോടാണ് താരം മനസു തുറന്നത്. 

അമേരിക്കന്‍ സീരീസായ ന്യൂ ആംസ്റ്റര്‍ഡാമില്‍ ഡോ വിജയ് കപൂര്‍ എന്ന പ്രധാന വേഷത്തിലാണ് അനുപം ഖേര്‍ എത്തുന്നത്. സീരീസിലെ ഒരു എപ്പിസോഡ് നിലവിലെ അവസ്ഥയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. കൊറോണയെന്ന മഹാമാരിയെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഷൂട്ടിങ് കഴിഞ്ഞിരുന്നു എന്നാണ് താരം പറയുന്നത്. 'ആ എപ്പിസോഡില്‍ ഞാനായിരുന്നു ഫോക്കസ്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളോട് സമാനമാണ് 18മത്തെ എപ്പിസോഡ്. മഹാമാരിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം അവര്‍ എന്നോട് പറഞ്ഞു, യാഥാര്‍ത്ഥ്യവുമായി വളരെ അടുത്തുനില്‍ക്കുന്നതിനാല്‍ ആ എപ്പിസോഡ് റിലീസ് ചെയ്യുന്നില്ലെന്ന്. അത് ഡിലീറ്റ് ചെയ്തതില്‍ എനിക്കും സന്തോഷം തോന്നി. കാരണം അതുകണ്ട് ഞങ്ങള്‍ മഹാമാരിയെ മുതലെടുക്കുകയാണെന്ന് പറയുമായിരുന്നു'- അനുപം ഖേര്‍ വ്യക്തമാക്കി. 

അമേരിക്കയിലെ ഇന്ത്യന്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ നിരവധി അമേരിക്കക്കാര്‍ തന്നെ തിരിച്ചറിയാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അവിടത്തെ ഇന്ത്യക്കാര്‍ക്ക് തന്നെക്കുറിച്ച് അഭിമാനപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു ഇന്ത്യന്‍ നടന്‍ എന്നതിനേക്കാള്‍ യുഎസില്‍ കരിയര്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിഖ്യാത നടന്‍ എന്ന് അറിയപ്പെടുന്നത് തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. എന്നില്‍ ഒരുപാട് കഴിവ് അവശേഷിക്കുന്നുണ്ട്. അതിനാല്‍ എന്നെ പുനസൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. അനുപം ഖേര്‍ എന്ന നടന്റെ ഭാരവുമായിട്ടല്ല ഞാന്‍ അവിടെ നില്‍ക്കുന്നത്. പുതുമുഖക്കാരനായി വീണ്ടും വരാനാണ് ആഗ്രഹിക്കുന്നത്- അനുപം ഖേര്‍ പറഞ്ഞു. 

നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുത് എന്ന് പറഞ്ഞുകൊണ്ട് സിനിമരംഗത്തുള്ള 70 ആളുകള്‍ കത്ത് എഴുതിയതോടെയാണ് സിനിമയില്‍ മതത്തിന്റെ ഭിന്നതയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നിലപാടുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ താന്‍ സത്യത്തിന്റെ കൂടെയാണെന്നും എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അവരുടെ വക്തവാകും എന്നാണ് ഖേര്‍ പറയുന്നത്. രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാള്‍ നടനാണ് തന്നില്‍ ആധിപത്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com