രഞ്ജുവിന്റെ വീട്ടിൽ സ്മാർട്ട് ടിവിയുമായി ടൊവിനോ; പത്ത് വിദ്യാർത്ഥികൾക്ക് താരത്തിന്റെ സഹായം, മഞ്ജു വാര്യർ അഞ്ച് ടിവി നൽകും

വരന്തരപ്പിള്ളി എച്ചിപ്പാറ ഗവൺമെന്റ് ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനാണ് താരം സ്മാർട്ട് ടിവി സമ്മാനിച്ചത്
രഞ്ജുവിന്റെ വീട്ടിൽ സ്മാർട്ട് ടിവിയുമായി ടൊവിനോ; പത്ത് വിദ്യാർത്ഥികൾക്ക് താരത്തിന്റെ സഹായം, മഞ്ജു വാര്യർ അഞ്ച് ടിവി നൽകും

ൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി നടൻ ടൊവിനോ തോമസ്. വരന്തരപ്പിള്ളി എച്ചിപ്പാറ ഗവൺമെന്റ് ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനാണ് താരം സ്മാർട്ട് ടിവി സമ്മാനിച്ചത്. രഞ്ജുവിന്റെ വീട്ടിൽ നേരിട്ടെത്തി താരം ടിവി കൈമാറുകയായിരുന്നു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാനായി പ്രവർത്തിക്കുന്ന അതിജീവനം എപീസ് എഡ്യു കെയർ ​ഗുഡ് വിലുമായി ചേർന്നാണ് താരം സഹായം എത്തിച്ചത്. തൃശൂർ എംപി ടിഎൻ പ്രതാപനും ടൊവിനോയ്ക്കൊപ്പമുണ്ടായിരുന്നു. 

രഞ്ജുവിന്റെ വീട്ടിൽ ടിവിയോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ അച്ഛന്‍ രഘുവിനും ഷീജയ്ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി. മറ്റ് വഴികളില്ലാതായതോടെ ട്രൈബല്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടില്‍ പോയിട്ടാണ് രഞ്ജു ആദ്യ മൂന്ന് ദിവസങ്ങളിലെ ക്ലാസ് കേട്ടത്. തുടർന്നാണ് കുട്ടിയ്ക്ക് സഹായം എത്തിച്ചത്. രഞ്ചുവിനൊപ്പം നാലാം ക്ലാസുകാരിയായ അനിയത്തിലും അടുത്ത വീട്ടിലെ രണ്ട് കുട്ടികളും ഈ ടിവി ഉപയോഗിച്ച് പഠിക്കും. കുട്ടികള്‍ക്ക് വേണ്ടി പഠിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ മത്സരബുദ്ധിയോടെ എല്ലാവരും സഹകരിക്കണമെന്നും ടൊവിനോ പറഞ്ഞു. 

പത്ത് ടിവിയാണ് ടൊവിനോ പദ്ധതിയിലേയ്ക്ക് സമ്മാനിച്ചത്. മഞ്ജു വാര്യര്‍ അഞ്ച് ടി.വി നല്‍കും. കൂടാതെ ബിജു മേനോന്‍, സംയുക്താവര്‍മ്മ എന്നിവരും പദ്ധതിയുടെ ഭാഗമാകും. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാര്‍ അഷ്‌റഫ് പത്ത് ടി.വിക്കുള്ള ചെക്ക് ചടങ്ങില്‍ കൈമാറി. തൃശ്ശൂരിലെ AUM സ്റ്റുഡിയോ ഉടമസ്ഥരായ ശ്രീറാം ഗോപാലകൃഷ്ണ, ശ്രീനാഥ് ഗോപാല കൃഷ്ണ എന്നിവർ ഒരു ടീവി എംപീസ് എഡ്യു കെയറിലേക്ക് സമർപ്പിച്ചു.

ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ഘട്ടത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും മൂന്നാംഘട്ടത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ടി.വി നല്‍കും. നേരത്തെ ടാബ് ലൈറ്റ് വാങ്ങി നല്‍കാനായിരുന്നു പദ്ധതിയെങ്കിലും സ്‌കൂള്‍ തുറന്നാലും പൂര്‍ണ്ണായി ഉപയോഗപ്പെടുത്താന്‍ കഴിയുക സ്മാര്‍ട്ട് ടി.വി ആയതിനാലാണ് അത് തെരഞ്ഞെടുത്തതെന്ന് എം.പി വ്യക്തമാക്കി. ടൊവിനോയാണ് പദ്ധതിയുടെ ഗുഡ് വിൽ അംബാസഡര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com