ആഫ്രിക്കയിൽ കുടുങ്ങിയ ദിലീഷ് പോത്തനും സംഘവും കേരളത്തിലേക്ക്; ഇന്ന് കൊച്ചിയിലെത്തും

'ജിബൂട്ടി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആഫ്രിക്കയിൽ പോയ സംഘമാണ് ലോക്ക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങിയത്
ആഫ്രിക്കയിൽ കുടുങ്ങിയ ദിലീഷ് പോത്തനും സംഘവും കേരളത്തിലേക്ക്; ഇന്ന് കൊച്ചിയിലെത്തും

സിനിമ ഷൂട്ടിങ്ങിനിടെ ആഫ്രിക്കയിൽ കുടുങ്ങിയ നടൻ ദിലീഷ് പോത്തനും സംഘവും ഇന്ന് വൈകിട്ട് ആറു മണിയോടെ കൊച്ചിയിൽ എത്തും. 'ജിബൂട്ടി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആഫ്രിക്കയിൽ പോയ സംഘമാണ് ലോക്ക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങിയത്. ദിലീഷ് പോത്തനടക്കം 71 പേര്‍  സംഘത്തിലുണ്ടാകും. നിര്‍മ്മാതാവ് ജോബി പി സാം ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് സംഘം എത്തുക.

അമിത് ചക്കാലക്കല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാർച്ചിലാണ് സംഘം ആഫ്രിക്കയിലെ ജിബൂട്ടിയിൽ എത്തുന്നത്. ഏപ്രില്‍  18നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും ലോക്ക് ഡൗണ്‍ മൂലം  യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിര്‍മാതാവും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. ഇന്ന് വൈകിട്ട്  6 മണിയുടെ എയര്‍  ഇന്ത്യ  വിമാനത്തില്‍ കൊച്ചി  നെടുമ്പാശ്ശേരിയില്‍ സിനിമ സംഘം എത്തും.

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   ആദ്യ ചിത്രം കൂടിയാണ് 'ജിബൂട്ടി'. പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ  ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും ജിബൂട്ടിയില്‍ തന്നെയാണ് നടന്നത്. ജിബൂട്ടിയില്‍ നിന്നും  300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ് തീര്‍ന്ന സംഘങ്ങള്‍ ജിബൂട്ടിയിലെത്തിയ ശേഷം പ്രത്യേകമായി ഒരുക്കിയ സ്ഥലത്തായിരുന്നു താമസം.  

ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിൽ നായികയാവുന്നത്. ദിലീഷ് പോത്തന്‍, ഗ്രിഗറി, ആതിര, രോഹിത് മഗ്ഗു, ബാലതാരം ഒന്നര വയസുള്ള ജോര്‍ജും കുടുംബവും, ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും സംഘവും ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘവും സിനിമ സംഘത്തിലുണ്ട്. ജോബി പി സാമും ശകുന്‍ ജസ്വാളും രോഹിതും മുംബൈയില്‍ ആണ് വിമാനമിറങ്ങുന്നത്. മറ്റുള്ളവരെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ കഴിയാന്‍ തയ്യാറായാണ് എത്തുക. ചെന്നൈ സംഘങ്ങള്‍ കേരളത്തിലും ചെന്നൈയിലുമായി രണ്ടു വട്ടം ക്വറന്റീനില്‍ കഴിയേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com