'പതിനഞ്ച് ദിവസത്തിനു വേണ്ടി ആഫ്രിക്കയിൽ പോയ ഞാൻ തിരിച്ചെത്തിയത് മൂന്ന് മാസത്തിന് ശേഷം'; അനുഭവം പങ്കുവെച്ച് അഞ്ജലി നായർ

വീട്ടിലെ പ്രത്യേക മുറിയിലാണ് താരം ക്വാറന്റീനിൽ കഴിയുന്നത്
'പതിനഞ്ച് ദിവസത്തിനു വേണ്ടി ആഫ്രിക്കയിൽ പോയ ഞാൻ തിരിച്ചെത്തിയത് മൂന്ന് മാസത്തിന് ശേഷം'; അനുഭവം പങ്കുവെച്ച് അഞ്ജലി നായർ

ഫ്രിക്കയിലെ ജിബൂട്ടിയിൽ കുടുങ്ങിക്കിടന്നിരുന്ന സിനിമ സംഘം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉൾപ്പടെ 70 പേരായിരിന്നു സിനിമ സംഘത്തിലുണ്ടായിരുന്നത്. നടി അഞ്ചലി നായരും കൂട്ടത്തിലുണ്ടായിരുന്നു. നാട്ടിൽ എത്തിയതിന് പിന്നാലെ 14 ദിവസത്തെ ക്വാറന്റീനിലാണ് താരം. വീട്ടിലെ പ്രത്യേക മുറിയിലാണ് താരം ക്വാറന്റീനിൽ കഴിയുന്നത്. മകൾ ആവണിയെ ചേർത്തുപിടിക്കാനും ഉമ്മവെക്കാനും കഴിയാത്തതിന്റെ വിഷമത്തിലാണ് താരമിപ്പോൾ. ആഫ്രിക്കൻ യാത്രയെക്കുറിച്ചും ക്വാറന്റീനെയും കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഫേയ്സ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. പതിനഞ്ച് ദിവസത്തിനു വേണ്ടി ആഫ്രിക്കയിൽ പോയ താൻ ഇപ്പോൾ മൂന്ന് മാസത്തിനുശഷമാണ് തിരിച്ചെത്തുന്നത് എന്നാണ് താരം പറയുന്നത്. ജിബൂട്ടിയിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പ് വരെ നാട്ടിലെത്താനാകുമെന്ന് യാതൊരു വിശ്വാസവുമില്ലായിരുന്നു. രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും നിർമാതാവ് ജോബി .പി  സാമും ഇന്ത്യൻ എംബസ്സിയും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായതെന്നും  താരം കൂട്ടിച്ചേർത്തു.

ജിബൂട്ടിയിലെ വില്ലയിലായിരുന്നു താമസം. അവിടെയും ക്വാറന്റീനിൽ തന്നെയായിരുന്നു. ആരും പുറത്തിറങ്ങിയിട്ടില്ല. നാട്ടിലേക്ക് പോരുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴും കർശന നിയന്ത്രണം പാലിച്ചിരുന്നു. കൊച്ചിയിൽ എത്തിയപ്പോൾ, എങ്ങോട്ടാണ് പോകേണ്ടതെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ അവിടെ നിന്നും ചോദിച്ചിരുന്നു. എന്റെ വീട്ടിൽ അമ്മയും മകളും സഹോദരനുമാണുള്ളത്. എനിക്കായി ഒരു റൂം ക്വാറന്റീനിനായി അമ്മ തന്നെ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ ഒരു ഹോട്ടൽ റൂം ഞാൻ ബുക്ക് ചെയ്തിരുന്നു. പക്ഷേ അവർ ടാക്സി ബുക്ക് ചെയ്ത് വീട്ടിൽ തന്നെ പോകാൻ അനുവദിച്ചു. ഇവിടെ വന്ന് വാർഡ് കൗൺസിലറെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞു- താരം വ്യക്തമാക്കി.

രാവിലെ നാലു മണിയോടെയാണ് വീട്ടിൽ എത്തിയത്. അമ്മയാണെങ്കിൽ ബക്കറ്റിൽ ഡെറ്റോൾ, ഉപ്പ് ഒക്കെ ഒഴിച്ച് എന്തോ വെള്ളമൊക്കെ വച്ചിട്ടുണ്ടായിരുന്നു. അത് ഉപയോഗിച്ച് കയ്യും കാലും കഴുകി. അമ്മയെപ്പോലും തൊടാതെയാണ് റൂമിലേയ്ക്ക് കയറിയതെന്നും താരം വ്യക്തമാക്കി. തന്റെ ആരോ​ഗ്യസ്ഥിതി ചോദിച്ചറിയാൻ ഉദ്യോ​ഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നിർദേശങ്ങൾ തരുന്നുണ്ടെന്നും അഞ്ചലി പറഞ്ഞു.

ജിബൂട്ടി എന്ന ചിത്രത്തിൽ ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ചലി എത്തുന്നത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിനുവിന്റെ ആദ്യ ചിത്രമാണ്. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com