'എന്റെ കേരളം', പ്രളയകാലത്ത് ഒരുകോടി രൂപ നൽകി സുശാന്ത്; സഹായമെത്തിച്ചത് ആരാധകന്റെ പേരിൽ

കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത്
'എന്റെ കേരളം', പ്രളയകാലത്ത് ഒരുകോടി രൂപ നൽകി സുശാന്ത്; സഹായമെത്തിച്ചത് ആരാധകന്റെ പേരിൽ

ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണം സഹപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ വിയോ​ഗത്തിൽ മലയാള താരങ്ങളടക്കം അനുശോചനം അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

പ്രളയം കേരളത്തെ പിടിച്ചുകുലുക്കിയപ്പോൾ സഹായവുമായി എത്തിയ താരങ്ങളിൽ ഒരാളാണ് സുശാന്ത്. ഒരുകോടി രൂപയാണ് ആരാധകന്റെ പേരിൽ സുശാന്ത് സിംഗ് നൽകിയത്.  കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സോഷ്യൽ മീഡിയയിലൂടെ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത്.

ശുഭം രഞ്ജൻ എന്ന യുവാവാണ് തന്റെ നിസ്സഹായവസ്ഥ താരത്തെ അറിയിച്ചത്. "നിങ്ങളുടെ പേരിൽ ഒരുകോടി രൂപ ഞാൻ സംഭാവന ചെയ്യാം. ഈ തുക ദുരിതാശ്വാസനിധിയിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങളെന്നെ അറിയിക്കണം" - എന്നായിരുന്നു ആരാധകന് സുശാന്ത് നൽകിയ മറുപടി. തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകിയതിന്റെ സ്ക്രീൻഷോട്ട് സുശാന്ത് പങ്കുവെയ്ക്കുകയും ചെയ്തു.  എന്റെ കേരളം എന്ന ഹാഷ്ടാഗോടെയാണ് അന്ന് സുശാന്ത് ഇക്കാര്യം പങ്കുവെച്ചത്.

ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയത്തിന് തുടക്കംകുറിച്ച സുശാന്ത് 2013ൽ കൈ പോ ചെ നാടകചലച്ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിലെത്തി.‌ ക്രിക്കറ്റ് താരം ധോനിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ എം.എസ്. ധോനി: ദി അൺടോൾഡ് സ്‌റ്റോറി സുശാന്തിന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിച്ചോരെ എന്ന ചിത്രമാണ് നടന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com