'അത് അയാൾ മനഃപൂർവ്വം ചെയ്തതാണ്', അശ്ലീല കമന്റ് ചെയ്ത ആളെ നേരിട്ടു കണ്ട് നടി അപർണ നായർ
By സമകാലിക മലയാളം ഡെസ് | Published: 17th June 2020 12:42 PM |
Last Updated: 17th June 2020 12:42 PM | A+A A- |
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് അശ്ലീല കമന്റിട്ട ആൾക്കെതിരെ നിയമപരമായി നീങ്ങുന്ന കാര്യം നടി അപർണ നായർ ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. പരാതിയെത്തുടർന്ന് സൈബർ സെല്ലിൽ നിന്നു വിളിപ്പിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് അപർണ. കമന്റ് ചെയ്ത അജിത് കുമാർ എന്ന വ്യക്തിയെ നേരിൽ കണ്ടെന്നും അയാൾ നൽകിയ വിശദീകരണവും താരം ഫേസ്ബുക്കിൽ പങ്കുവച്ചു.
എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന തന്റെ ചോദ്യത്തിന് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകൾ ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അജിത്തിന്റെ മറുപടി എന്ന് അപർണ പറയുന്നു. അയാളുടെ കുടുംബത്തെയും സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് തന്റെ പരാതി പിൻവലിച്ചെന്നും നടി പറഞ്ഞു.
അപർണ്ണയുടെ കുറിപ്പ്
അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ് എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു, തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബർ സെൽ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.
സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ... !!!
എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്, അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി.
പരാതി നൽകാൻ എനിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും, ADGP മനോജ് എബ്രഹാം സാറിനും, സൈബർ പോലീസ് SI മണികണ്ഠൻ സാറിനും, ജിബിൻ ഗോപിനാഥ് & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നു.
നന്ദി Keralapolice !
NB: അജിതിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂർവ്വമായ പ്രവർത്തി ആയിരുന്നു.