ആ പ്രതിഭയ്ക്കുള്ളിലെ നാടകക്കാരനേയും നടനേയും സിനിമാക്കാരനേയും ഒരുമിച്ചുകണ്ട നിമിഷം; സച്ചിയെക്കുറിച്ച് മുകേഷ്

രാമലീല എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്
ആ പ്രതിഭയ്ക്കുള്ളിലെ നാടകക്കാരനേയും നടനേയും സിനിമാക്കാരനേയും ഒരുമിച്ചുകണ്ട നിമിഷം; സച്ചിയെക്കുറിച്ച് മുകേഷ്

കാലത്തിൽ വിടപറഞ്ഞ തിരക്കഥാക‌ത്തും സംവിധായകനുമായ സച്ചിയുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ മുകേഷ്. രാമലീല എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് മുകേഷ് എത്തിയത്. ചിത്രത്തെക്കുറിച്ച് സംവിധായകൻ അരുൺ ​ഗോപി വിശദീകരിച്ചപ്പോൾ നിരവധി സംശയങ്ങൾ മുകേഷിനുണ്ടായിരുന്നു. എന്നാൽ അടുത്ത ദിവസം എത്തിയ സച്ചി ഓരോ ഷോട്ടും ഡയലോ​ഗുകൾ ഉൾപ്പടെയുള്ളവ വിവരിച്ചു. ആ പ്രതിഭയുടെയുള്ളിലുള്ള നാടകക്കാരനും നടനും സിനിമാക്കാരനും എഴുത്തുകാരനും സംവിധായകനും എല്ലാം ഒരുമിച്ച് തിളങ്ങിയ നിമിഷങ്ങളായിരുന്നു അതെന്നാണ് മുകേഷ് കുറിക്കുന്നത്.  ഒരു പാട് ചിരിയും ചിന്തയും ബാക്കിവെച്ചാണ് തന്റെ അനുജൻ പോയതെന്നാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ കുറിപ്പ് വായിക്കാം

ഒരു പുഞ്ചിരിയിൽ ഒരു ജന്മത്തിന്റെ ഊർജം പകർന്നു തന്നവൻ...
സച്ചീ... ആദരാഞ്ജലികൾ
നീ വിജയകരമായ ഒരു career ന്റെ ചവിട്ടുപടികൾ കയറുകയായിരുന്നു .. സംവിധാനത്തിലും തിരക്കഥയിലും ഒരുപോലെ കഴിവു തെളിയിച്ച പ്രതിഭ .. Driving Licence, അയ്യപ്പനും കോശിയും എന്നീ സിനിമകളുടെ Commercial hit ഞാനും സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കി കാണുകയായിരുന്നു ..
ഈ രണ്ടു സിനിമകളടേയും പകർപ്പവകാശം എല്ലാ ഭാഷകളിലേക്കും വിറ്റുപോയി .. എല്ലാ ഭാഷകളിലെയും നായക നടന്മാർ നിന്റെ കഥാപാത്രങ്ങളാകാൻ കൊതിയോടെ നിന്നെ തേടിവന്നുകൊണ്ടിരുന്ന കാലം...
രാമലീലയിൽ ആണ് നമ്മൾ ഒന്നിച്ചത്... സംവിധായകനായ അരുൺ ഗോപി എന്നോട് രാമലീലയുടെ കഥവിശദമായി പറഞ്ഞു തന്നു ..കഥാപരമായി എനിക്ക് ചില സംശയങ്ങൾ ഉണ്ടായത് എന്റെ മുഖ ഭാവത്തിലൂടെ അരുൺ മനസ്സിലാക്കി.. അങ്ങോട്ടും ഇങ്ങോട്ടും ഒരു ചോദ്യങ്ങളും ചോദിക്കാതെ ഞങ്ങൾ അന്ന് പിരിഞ്ഞു ...
പിറ്റേന്ന് രാവിലെ സച്ചി വന്നു ..രാമലീലയുടെ തിരക്കഥാകൃത്ത് .. ആ മുഖത്ത് നിറഞ്ഞു നിന്ന ആത്മവിശ്വാസത്തിന്റെ സരളതയും പുഞ്ചിരിയും ഞാൻ കണ്ടു ..രാമലീലയുടെ തിരക്കഥ യുടെ Shot by shot with Dialogue അവൻ എനിക്ക് വിവരിച്ചു തന്നു .. ആ പ്രതിഭയുടെയുള്ളിലുള്ള നാടകക്കാരനും നടനും സിനിമാക്കാരനും എഴുത്തുകാരനും സംവിധായകനും എല്ലാം ഒരുമിച്ച് തിളങ്ങിയ നിമഷങ്ങളായിരുന്നു ..അത്... വായിച്ചു കഴിഞ്ഞ് സ്വതസിദ്ധമായ പുഞ്ചിരിയോടെ അവൻ പറഞ്ഞു "ഇനി എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ആ സംശയം എനിക്കുണ്ട് ചേട്ടാ "
എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല... ഞങ്ങൾ രണ്ടു പേരും പൊട്ടിച്ചിരിച്ച് കൈ കൊടുത്തു.രാമലീലയുടെ വിജയം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു..
ഒരു പാട് ചിരിയും ചിന്തയും ബാക്കിവെച്ച്.. എന്റെ അനുജൻ പോയി ..
വിങ്ങുന്ന മനസ്സിൽ നിന്ന് ഈ പ്രതിഭയ്ക്ക് ...
ആദരാഞ്ജലികൾ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com