'ആരാടാ തടയാൻ' സിനിമ പേരല്ല, തീരുമാനമാണ്; നിലപാട് വ്യക്തമാക്കി ലിജോ ജോസ് പെല്ലിശേരി 

'ആരാടാ തടയാൻ' എന്നത് സിനിമയുടെ പേരാകാം എന്ന തരത്തിൽ ചർച്ചകൾ ഉണ്ടായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്
'ആരാടാ തടയാൻ' സിനിമ പേരല്ല, തീരുമാനമാണ്; നിലപാട് വ്യക്തമാക്കി ലിജോ ജോസ് പെല്ലിശേരി 

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി തർക്കം നിലനിൽക്കുന്നതിനിടെ സ്വീകരിച്ച നിലപാടിൽ വ്യക്തത വരുത്തി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. "ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാ"നെന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ലിജോ തന്റെ നിലപാടറിയിച്ചത്. എന്നാൽ ആരാടാ തടയാൻ എന്നത് സിനിമയുടെ പേരാകാം എന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിൽ ലിജോ വ്യക്തത വരുത്തിയിരിക്കുന്നത്. 

'സിനിമ പേരല്ല തീരുമാനമാണ്' എന്നാണ് അദ്ദേഹം അറിയിച്ചത്. 

ഫഹദ് ഫാസിൽ നിർമിച്ച് മഹേഷ് നാരായണൻ ഒരുക്കുന്ന  'സീ യൂ സൂൺ'  എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിക്കാനിരിക്കെ ചലചിത്ര സംഘടകൾ ഫഹദിൽ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാൽ വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമുള്ള വിശദീകരണമാണ് അണിയറ പ്രവർത്തകർ നൽകിയത്‌. പുതിയ ചിത്രങ്ങൾക്കെതിരെ നിർമാതാക്കളുടെ സംഘട രം​ഗത്തുവന്നതിന് പിന്നാലെ നിലപാടിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു കൂട്ടം യുവസംവിധായകരും നിർമാതാക്കളും മുന്നോട്ടുവരികയായിരുന്നു. 

അനിശ്ചിതത്വം നിലനിൽക്കേ പുതിയ സിനിമയുടെ ഷൂട്ടിങ് തിയതി പ്രഖ്യാപിച്ച് ആഷിഖ് അബു രംഗത്തെത്തി. നവാഗതനായ ഹർഷദ് സംവിധാനം ചെയ്യുന്ന ഹാഗറാണ് ആഷിഖും റിമ കല്ലിങ്കലും ചേർന്ന് നിർമിക്കുന്നത്.  കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുമെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് വ്യക്തമാക്കി. റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.  പുതിയ സിനിമകൾ നിർമിക്കേണ്ടെന്ന് നിർമാതാക്കൾ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ചിത്രീകരണവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം. കൂടാതെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിക്കാണെന്നും ആഷിഖ് പറഞ്ഞു.

പുതിയ സിനിമകൾ ചിത്രീകരിക്കാൻ പിന്തുണയുമായി ഫെഫ്കയും രം​ഗത്തെത്തിയിട്ടുണ്ട്. അനുമതിയോടെ പുതിയ സിനിമകൾ ഷൂട്ട് ചെയ്യാമെന്ന് ഫെഫ്ക വ്യക്തമാക്കി. എല്ലാ സംവിധായകരും ഫെഫ്കക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സിനിമാ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ കഴിയില്ലെന്നുമാണ് ഫെഫ്ക നേതൃത്വത്തിന്റെ പ്രതികരണം. മൂന്ന് മാസമായി തൊഴിലാളികൾ ദുരിതത്തിലാണ് ആരോടും ജോലി ചെയ്യണ്ട എന്ന് പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com