'നാടകവണ്ടിയുടെ ബോര്‍ഡ് വീണ് ആയിരക്കണക്കിന് ആളുകള്‍ മരിച്ച നാടല്ലേകേരളം'; വിമര്‍ശനവുമായി ഹരീഷ് പേരടി

ഉദ്യോഗസ്ഥയെ കഥാപാത്രമാക്കി ഒരു സിനിമയെടുക്കണമെന്നും അവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം നല്‍കണം എന്നുമാണ് ഹരീഷ് പേരടിയുടെ പരിഹാസം
'നാടകവണ്ടിയുടെ ബോര്‍ഡ് വീണ് ആയിരക്കണക്കിന് ആളുകള്‍ മരിച്ച നാടല്ലേകേരളം'; വിമര്‍ശനവുമായി ഹരീഷ് പേരടി

നാടകവണ്ടിയുടെ ബോര്‍ഡ് അളന്നു നോക്കി 24,000 രൂപ പിഴ ചുമത്തിയ മോട്ടോര്‍വാഹന വകുപ്പ് സ്‌ക്വാഡിന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിന്റെ വിഡിയോ വൈറലായതോടെ പിഴ ഈടാക്കിയ ഉദ്യോഗസ്ഥയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാടക പ്രവര്‍ത്തകനും സിനിമ നടനുമായ ഹരീഷ് പേരടി. 

ഉദ്യോഗസ്ഥയെ കഥാപാത്രമാക്കി ഒരു സിനിമയെടുക്കണമെന്നും അവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം നല്‍കണം എന്നുമാണ് ഹരീഷ് പേരടിയുടെ പരിഹാസം. ആയിരകണക്കിന് നാടക കലാകാരന്‍മാര്‍ കേരളം മുഴുവന്‍ നാടകബോര്‍ഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമുണ്ടായതെന്നും അദ്ദേഹം കുറിച്ചു. ചേറ്റുവ പാലത്തിന് സമീപം നടന്ന പരിശോധനക്കിടെയാണ് ആലുവ അശ്വതി തീയറ്റേഴ്‌സിന്റെ വണ്ടിക്കാണ് വന്‍ പിഴ ചുമത്തിയത്. 

ഹരീഷ് പേരടിയുടെ പോസ്റ്റ്

നമുക്ക്  ആ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം. ഏതെങ്കിലും സൂപ്പര്‍ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം. എന്നിട്ട് ഇവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം കൊടുക്കാം. കാരണം നാടകവണ്ടിയുടെ ബോര്‍ഡ് വീണ് ആയിരകണക്കിന് ആളുകള്‍ മരിച്ച നാടല്ലെ കേരളം. അതിനാല്‍ ഇതിന്റെ വിഡിയോയില്‍ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലന്‍മാരാക്കി സമൂഹ മാധ്യമങ്ങളിലൂടെ തെറി പറയാം. പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരന്‍മാര്‍ കേരളം മുഴുവന്‍ നാടകബോര്‍ഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമുണ്ടായത്. ഒരു നാടകം കളിച്ചാല്‍ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരന്‍മാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/ രൂപ കൊടുത്ത് തെരുവില്‍ അപമാനിക്കപ്പെടുമ്പോള്‍ നമ്മള്‍ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്‌കാരിക കേരളമാണ് ലോകത്തിന്റെ മുന്നില്‍ നാണം കെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com