'പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല, ചിത്രത്തില്‍ ആരെയും പരിഹസിച്ചിട്ടില്ല' വിമര്‍ശനവുമായി മഹേഷ് നാരായണന്‍

സിനിമ എപ്പോഴും എഴുത്തുകാരന്റേയും സംവിധായകന്റേയുമാണെന്നും അഭിനേതാക്കള്‍ക്ക് തന്റെ സിനിമ എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
'പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല, ചിത്രത്തില്‍ ആരെയും പരിഹസിച്ചിട്ടില്ല' വിമര്‍ശനവുമായി മഹേഷ് നാരായണന്‍

ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന പാര്‍വതിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. ഇസ്ലാമോഫോബിയ എന്താണെന്ന് പാര്‍വതിക്ക് അറിയില്ലെന്നും ഒരു മതത്തെയും സമുദായത്തെയും ടേക്ക് ഓഫില്‍ പരിഹസിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ നിലപാട് വ്യക്തമാക്കിയത്. 

ടേക്ക് ഓഫിനെ പാര്‍വതി തന്റെ സിനിമ എന്ന് പറഞ്ഞതിനെതിരേയും സംവിധായകന്‍ വിമര്‍ശിച്ചു. സിനിമ എപ്പോഴും എഴുത്തുകാരന്റേയും സംവിധായകന്റേയുമാണെന്നും അഭിനേതാക്കള്‍ക്ക് തന്റെ സിനിമ എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ റിലീസായതിന് ശേഷം അഭിനയിച്ചവര്‍ക്ക് ആര്‍ക്കും പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും എന്നാല്‍ തനിക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

''ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ ഇറാനില്‍ സിനിമ തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു, ടേക്ക് ഓഫ് എപ്പോഴാണ് പാര്‍വതിയുടെ സിനിമ ആയതെന്ന് അറിയില്ല. സിനിമ സംവിധായകന്റെയാണ്, ഒരു തിരക്കഥ എഴുതി താത്പര്യം ഉണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞിട്ടാണ് കൊടുക്കുന്നത്. മാലിക്കിലും അങ്ങനെ തന്നെയാണ്. ഇസ്ലാമോഫോബിയ എന്താണെന്ന് പാര്‍വതിക്ക് അറിയില്ല. ആരെയും നിര്‍ബന്ധിച്ച് സിനിമ ചെയ്യാറില്ല. താത്പര്യമില്ലെങ്കില്‍ ചെയ്യണ്ട. ടേക്ക് ഓഫിനെതിരെ സൗദിയില്‍ നിന്നും ഒരു ഫത്‌വ ലഭിച്ചിരുന്നു. അത് ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ടല്ല. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യമായി സൗദിയെ അവതരിപ്പിച്ചു എന്നു പറഞ്ഞാണ്. ഒരു മതത്തെയും സമുദായത്തെയും ടേക്ക് ഓഫില്‍ പരിഹസിച്ചിട്ടില്ല' മഹേഷ് നാരായണന്‍ പറഞ്ഞു. 

മഹേഷിന്റെ പ്രതികരണം ചര്‍ച്ചയായതോടെ അദ്ദേഹത്തിനെതിരേ വിമര്‍ശനവുമായി സിനിമ രംഗത്തുള്ളവര്‍ തന്നെ രംഗത്തെത്തി. സംവിധായകന്‍ മുഹ്‌സിന്‍ പരാരി, തിരക്കഥാകൃത്ത് ഇര്‍ഷാദ് എന്നിവരാണ് മഹേഷിന്റെ പ്രതികരണത്തിനെതിരേ രംഗത്തെത്തിയത്. താന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമകളിലെ ഇസ്‌ലാമോഫോബിയയെ സംബന്ധിച്ച് വിമര്‍ശനാത്മകമായി വിലയിരുത്താന്‍ ആര്‍ജവം കാണിച്ച പാര്‍വതി തിരുവോത്തിനോട് ഒരു സഹപ്രവര്‍ത്തകയോട് കാണിക്കേണ്ട മിനിമം ആദരവ് പോലും മഹേഷ് നാരായണന്‍ കാണിച്ചില്ല എന്ന് മുഹ്‌സിന്‍ പെരാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇസ്‌ലാമോഫോബിയയെ കുറിച്ച് മാത്രമല്ല സ്ത്രീവിരുദ്ധതയെയും ബേസിക് പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചും അജ്ഞനാണെന്നും മുഹ്‌സിന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com