തീയെറ്ററുകള്‍ അടയ്ക്കുന്നു; മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ റിലീസിനെ ബാധിക്കും

മാര്‍ച്ച് 26നാണ് മരക്കാരുടെ റിലീസ് തീരുമാനിച്ചിരുന്നത്
തീയെറ്ററുകള്‍ അടയ്ക്കുന്നു; മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ റിലീസിനെ ബാധിക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് 19 ബാധ പടര്‍ന്നുപിടിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ഒരു മാസക്കാലം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മാര്‍ച്ച് 31 വരെ തീയെറ്ററുകള്‍ അടച്ചിടണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പല വമ്പന്‍ റിലീസുകളേയും നടക്കാനിരിക്കേ കോവിഡ് 19 മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഈ മാസം നടക്കാനിരിക്കുന്ന ഏറ്റവും വലിയ റിലീസ്. കൂടാതെ ഇപ്പോള്‍ തീയെറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളേയും ഇത് ബാധിക്കും. മാര്‍ച്ച് 26നാണ് മരക്കാരുടെ റിലീസ് തീരുമാനിച്ചിരുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് എന്നെക്കാകുമെന്ന് അണിയറപ്രവര്‍ത്തകര്‍  വ്യക്തമാക്കിയിട്ടില്ല.

ഇത് കൂടാതെ ഉണ്ണി. ആറിന്റെ ചെറുകഥയെ ആസ്പദമാക്കി കാവ്യ  പ്രകാശ് ഒരുക്കുന്ന വാങ്ക് ഈ മാസമായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. തീയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ മാറ്റിവച്ചതായി കാവ്യ വ്യക്തമാക്കി.  

ടൊവിനോ തോമസ് നായകനായി എത്തുന്ന കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് ആയിരുന്നു മറ്റൊരു ചിത്രം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെച്ച വിവരം ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. മാര്‍ച്ച് 12നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com