'അന്ന് റെയ്ഡുകളൊന്നുമുണ്ടായിരുന്നില്ല, പഴയ ജീവിതം തിരിച്ചുവേണം'; മാസ്റ്റേഴ്‌സ് ഓഡിയോ ലോഞ്ചില്‍ വിജയ്; വിഡിയോ

എതിര്‍പ്പുകളെയെല്ലാം വിജയം കൊണ്ട് നേരിടണമെന്നും താരം കൂട്ടിച്ചേര്‍ത്തു
'അന്ന് റെയ്ഡുകളൊന്നുമുണ്ടായിരുന്നില്ല, പഴയ ജീവിതം തിരിച്ചുവേണം'; മാസ്റ്റേഴ്‌സ് ഓഡിയോ ലോഞ്ചില്‍ വിജയ്; വിഡിയോ

ന്റെ പഴയ ജീവിതം സമാധാനമുള്ളതായിരുന്നെന്നും അന്ന് റെയ്ഡുകളൊന്നുമുണ്ടായിരുന്നില്ലെന്ന് നടന്‍ വിജയ്. പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു താരത്തിന്റെ പ്രതികരണം. ജീവിതത്തില്‍ നമ്മെ സ്‌നേഹിക്കുന്നവരും വരവേല്‍ക്കുന്നവരും കല്ലെറിയുന്നവരുമുണ്ടാകാം. ഇതെല്ലാം മറികടന്ന് മുന്നോട്ടു പോവുക്. എതിര്‍പ്പുകളെയെല്ലാം വിജയം കൊണ്ട് നേരിടണമെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തുണ്ടായ ആദായ നികുതി  വകുപ്പിന്റെ റെയ്ഡിനെക്കുറിച്ചും  വിവാദങ്ങളെക്കുറിച്ചും താരത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 

തന്റെ ജീവിതം നദിപോലെയെന്ന് പറഞ്ഞാണ് കഴിഞ്ഞ കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് താരം പ്രതികരിച്ചത്. ദീപം കൊണ്ടും പൂവുകൊണ്ടും സ്വീകരിക്കുന്നവരും കല്ലെറിയുന്നവരും ജീവിതത്തിലുണ്ടാകും. എതിര്‍പ്പുകളെ  വിജയം  കൊണ്ട് നേരിടും. ശത്രുവിനെ  സ്‌നേഹം  കൊണ്ടു കീഴടക്കും  എന്നും നിയമങ്ങള്‍  ജനങ്ങളുടെ  ആവശ്യങ്ങള്‍ക്കു വേണ്ടിയാവണം അല്ലാതെ താല്‍പര്യങ്ങള്‍ക്കു  വേണ്ടി ആവരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ  പ്രതിഷേധവും പൗരത്വ  ഭേദഗതി  നിയമവുമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉണ്‍മയായി ഇരിക്കണമെങ്കില്‍ ചിലസമയത്ത് ഊമയായി ഇരിക്കേണ്ടിവരും എന്നും അദ്ദേഹം തുറന്നടിച്ചു. 

തുടര്‍ന്ന് അവതാരകര്‍ പ്രതിസന്ധി ഘട്ടത്തിലെ ആരാധകരുടെ പിന്തുണയെക്കുറിച്ചു ചോദിച്ചു. 'ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. എന്റെ ആരാധകരോട് ഒന്നേ പറയാനൊള്ളൂ, 'വേറെ െലവല്‍' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കൂടാതെ തനിക്ക് തന്റെ പഴയ ജീവിതം തിരിച്ചു വേണമെന്നും ആ ജീവിതത്തില്‍ സമാധാനം ഉണ്ടായിരുന്നെന്നും താരം വ്യക്തമാക്കി, റെയ്ഡും കസ്റ്റഡിയില്‍ പോകുന്നതും  മുതലായ കാര്യങ്ങളും ആ ജീവിതത്തില്‍ എനിക്ക്  നേരിടേണ്ടി  വന്നിട്ടില്ലെന്നും താരം പറഞ്ഞു. വിജയുടെ വാക്കുകളെ ആരാധകര്‍ ആരവങ്ങളോടെയാണ് സ്വീകരിച്ചത്. 

കോവിഡ്19പശ്ചാത്തലത്തില്‍ ആരാധക പതിനായിരങ്ങള്‍ക്ക്  നടുവിലെ പതിവ്  വിജയ്  സിനിമകളുടെ ഓഡിയോ  ലോഞ്ച്  രീതിക്കു  പകരം  ഹോട്ടലില്‍  ആയിരുന്നു  ചടങ്ങ്. അര മനസിലാണ് താന്‍ ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചതെന്ന് വിജയ് പറഞ്ഞു. കറുപ്പ്  സ്യൂട്ടും  ബ്ലേസറും  അണിഞ്ഞ് സ്റ്റൈലിഷായാണ് താരം എത്തിയത്. ചിത്രത്തില്‍ വില്ലനായി എത്തുന്ന വിജയ് സേതുപതിയെക്കുറിച്ചും താരം വാചാലനായി. 

'ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് പ്രേക്ഷകരുടെ ഇടയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരാള്‍ തമിഴ് സിനിമയില്‍ ഉണ്ടെങ്കില്‍ അത് വിജയ് സേതുപതിയാണ്. അദ്ദേഹത്തിന് ഈ സിനിമയില്‍ വില്ലനായി അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല. എന്തിനാണ് ഈ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അഭിനയിക്കാന്‍ മനസ്സുവന്നതെന്ന് എനിക്ക് തന്നെ അദ്ദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. വലുതായി എന്തോ പറയാനുണ്ടെന്ന് വിചാരിച്ച എന്നെ വെറും നാല് വാക്കുകളില്‍ അദ്ദേഹം അദ്ഭുതപ്പെടുത്തി. 'എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്', ഇതായിരുന്നു മറുപടി. അപ്പോഴാണ് എനിക്ക് മനസിലായത്, അദ്ദേഹത്തിന്റെ പേരില്‍ മാത്രമല്ല നെഞ്ചിലും എനിക്ക് ഇടം ഉണ്ടെന്ന്. നന്ദി നന്‍പാ' വിജയി പറഞ്ഞു. 

കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം  അടുത്ത മാസം  തിയറ്ററില്‍  എത്തും. മാളവികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. താരത്തിന്റെ പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com