'പക്രുവിനെപ്പോലെ അവനും നടനാകാനാണ് ആഗ്രഹം'; നല്ലവാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ക്വാഡനും അമ്മയും

പക്രുവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുകയാണ് കുഞ്ഞ്
'പക്രുവിനെപ്പോലെ അവനും നടനാകാനാണ് ആഗ്രഹം'; നല്ലവാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ക്വാഡനും അമ്മയും

ഹപാഠികളില്‍ നിന്നുള്ള കളിയാക്കല്‍ സഹിക്കാനാവാതെ നെഞ്ചുപൊട്ടിക്കരഞ്ഞ ക്വാഡന്‍ ബെയില്‍സ് എന്ന ഒന്‍പതുകാരന്‍ ലോകത്തിന് മുഴുവന്‍ നൊമ്പരമായിരുന്നു. അവന് പിന്തുണയും സ്‌നേഹവും അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ മലയാളതാരം ഗിന്നസ് പക്രുവിന്റെ പോസ്റ്റ് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തനിക്കും ഇത്തരത്തിലുള്ള കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ക്വാഡനോട് പക്രു പറഞ്ഞത്. അത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത് ശ്രദ്ധയില്‍പ്പെട്ട ക്വാഡന്‍ താരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ്. 

പക്രു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഓസ്‌ട്രേലിയയിലെ എസ്ബിഎസ് മലയാളം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്താണ് പക്രു അപൂര്‍വമായ ഈ അനുഭവം അറിയിക്കുന്നത്. പക്രുവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുകയാണ് കുഞ്ഞ്. കൂടാതെ മകന് പക്രുവിനെപ്പോലെ അഭിനേതാകാനാണ് ആഗ്രഹമെന്നും ക്വാഡന്റെ അമ്മ പറഞ്ഞു. 

ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേള്‍ക്കാനാകില്ല. അതിനാല്‍ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡന്‍ കാത്തിരിക്കുകയാണെന്നും എന്നെങ്കിലും ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ കാണുമെന്നും അമ്മ അറിയിച്ചു. 

ഉയരക്കുറവിന്റെ പേരിലാണ് സഹപാഠികളുടെ ആക്ഷേപങ്ങള്‍ക്ക് ക്വാഡന്‍ ഇരയായത്. കരഞ്ഞുകൊണ്ട് അമ്മയോട് തന്റെ വിഷമം പറയുന്ന വിഡിയോ ആണ് വൈറലായത്. എന്നെ കൊന്നു തരാമോ?' എന്നാണ് കുഞ്ഞ് ചോദിച്ചത്. നിരവധി സെലിബ്രിറ്റികളാണ് കുഞ്ഞിന് പിന്തുണയുമായി എത്തിയത്. താനും ക്വേഡനെ പോലെ ഒരുകാലത്ത് കരഞ്ഞിട്ടുണ്ട്. ക്വാഡന്‍ കരഞ്ഞാല്‍ തോറ്റുപോകുന്നത് ക്വാഡന്റെ അമ്മയാണെന്നായിരുന്നു പക്രുവിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com