സ്വീകരിക്കാന്‍ ആള്‍ക്കൂട്ടമെത്തിയത് താന്‍ വിളിച്ചിട്ടല്ല; സ്വമേധയാ എത്തിയവര്‍ നിയമക്കുരുക്കില്‍പ്പെട്ടതില്‍ വേദനയുണ്ട്; രജിത് കുമാര്‍

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം അറിഞ്ഞിരുന്നില്ല 
സ്വീകരിക്കാന്‍ ആള്‍ക്കൂട്ടമെത്തിയത് താന്‍ വിളിച്ചിട്ടല്ല; സ്വമേധയാ എത്തിയവര്‍ നിയമക്കുരുക്കില്‍പ്പെട്ടതില്‍ വേദനയുണ്ട്; രജിത് കുമാര്‍

കൊച്ചി: താന്‍ പറഞ്ഞിട്ടില്ല തന്നെ സ്വീകരിക്കാന്‍ ആളുകളെത്തിയതെന്ന് സ്വകാര്യ ടിവി ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്നു പുറത്തായ രജിത്കുമാര്‍. ആലുവ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജിത്കുമാര്‍. 

കോവിഡ്–19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചതിന് രജിത്കുമാറുള്‍പ്പെടെ 75 പേര്‍ക്കെതിരെ നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അടച്ചിട്ട മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെയാണ് ഷോയ്ക്കു വേണ്ടി തങ്ങിയിരുന്നത്. അതിനാല്‍ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം അറിഞ്ഞിരുന്നില്ലെന്നു രജിത്കുമാര്‍ പറഞ്ഞു. തന്നോട് ആദരവു പ്രകടിപ്പിക്കാന്‍ സ്വമേധയാ എത്തിയവര്‍ നിയമക്കുരുക്കില്‍പ്പെട്ടതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ആറ്റിങ്ങലില്‍ നിന്ന് രജിത്കുമാര്‍ പൊലീസ് അകമ്പടിയോടെ ആലുവ സ്‌റ്റേഷനിലെത്തിയത്. നെടുമ്പാശേരി സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.കേസുമായി ബന്ധപ്പെട്ട് നിബാസ്, അഫ്‌സല്‍, വിപിന്‍, ബിനു, ക്രിസ്റ്റിന്‍, കിരണ്‍, നികേഷ്, വൈശാഖ്, രാഗേഷ്, അന്‍വര്‍, പരീക്കുട്ടി, ഇബാസ്, അനില്‍കുമാര്‍, സോണി, ശ്രുതി എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 

നിയമവിരുദ്ധമായ സംഘംചേരല്‍, കലാപശ്രമം, സര്‍ക്കാര്‍ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി  ജനങ്ങള്‍ക്ക് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവര്‍ ലംഘിച്ചിരുന്നു. ആറ്റിങ്ങലിലും രജിത്തിനു സ്വീകരണമൊരുക്കുമെന്നു പ്രചാരണമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com