'സില്‍ക് സ്മിതയാവണം, സെക്‌സിയായി ചെയ്യാനാകുമോ?'; അഞ്ജലി മേനോന്റെ പേരില്‍ യുവാവ് വിളിച്ചത് യുവനടിമാരെ

ഫോൺവിളി ലഭിച്ച നടിമാർ നേരിട്ട് വിളിച്ച് അന്വേഷിച്ചതോടെയാണ് അഞ്ജലി മേനോൻ പരാതി നൽകിയത്
'സില്‍ക് സ്മിതയാവണം, സെക്‌സിയായി ചെയ്യാനാകുമോ?'; അഞ്ജലി മേനോന്റെ പേരില്‍ യുവാവ് വിളിച്ചത് യുവനടിമാരെ

പ്രമുഖ സംവിധായിക അഞ്ജലി മേനോന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവ് കബളിപ്പിച്ചത് യുവ നടികൾ ഉൾപ്പടെ 18 പേരെയെന്ന് പൊലീസ്. പുതിയ സിനിമയിലേക്ക് അവസരം നൽകാം എന്നു പറഞ്ഞായിരുന്നു ഫോൺ വിളി എത്തിയത്. നടി സിൽക് സ്മിതയുടെ ബയോപിക്ക് എടുക്കുന്നുണ്ടെന്നും ​ഗ്ലാമറസായി വേഷങ്ങൾ ചെയ്യേണ്ടിവരുമെന്നുമാണ് ഇയാൾ ഫോണിലൂടെ പറയുക. ഫോൺവിളി ലഭിച്ച നടിമാർ നേരിട്ട് വിളിച്ച് അന്വേഷിച്ചതോടെയാണ് അഞ്ജലി മേനോൻ പരാതി നൽകിയത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ഓച്ചിറ സ്വദേശി ദിജിൻ അറസ്റ്റിലാകുന്നത്.  ‘അന്തരിച്ച നടി സിൽക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക് എടുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലേയ്ക്ക് അൽപം ഗ്ലാമറസായ വേഷങ്ങൾ ചെയ്യേണ്ടി വരും. അൽപം സെക്സിയായി ചെയ്യാനാകുമോ’ എന്നാണ് ഇയാൾ വിളിച്ചിട്ടു ചോദിക്കുക. 

സ്ത്രീ ശബ്ദത്തിൽ മൊബൈൽ വിളികൾക്കു സഹായിക്കുന്ന ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. മൊബൈൽ കോളുകളെ ഇന്റർനെറ്റ് കോളാക്കാൻ സാധിക്കുന്ന ആപ്പുകളിലൂടെ വ്യാജ മൊബൈൽ നമ്പർ നിർമിച്ചും ഇയാൾ വിളികൾ നടത്തിയിരുന്നു. നിരവധി മോഡലുകൾക്കും നടിമാർക്കും വിളികൾ ചെന്നിരുന്നു. തുടർന്ന് ഇവരിൽ പലരും തിരിച്ചു വിളിച്ചപ്പോഴാണ് നമ്പരുകൾ വ്യാജമാണെന്നു വ്യക്തമാകുന്നത്.

ഫോൺ വിളി എത്തിയവരിൽ പലരും അഞ്ജലിയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന്  ഇയാളുടെ മൊബൈൽ ഫോൺ ട്രെയിസ് ചെയ്തപ്പോഴേയ്ക്കും ഇയാൾ ചെന്നൈയിലേയ്ക്കു കടന്നിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകൾ പലതും വ്യാജ വിലാസം വച്ച് എടുത്തതാണെന്നും പൊലീസിന് വ്യക്തമായി. വിശദമായ പരിശോധനയിൽ ഇയാൾ പാലക്കാട് ഉണ്ടെന്നു വ്യക്തമാകുകയായിരുന്നു. തുടർന്ന് ഇവിടെനിന്ന് അറസ്റ്റ് ചെയ്ത് എറണാകുളത്ത് എത്തിക്കുകയായിരുന്നു.

തന്റെ പേര് ഉപയോ​ഗിച്ച് തട്ടിപ്പു നടത്തുന്നതിനെ കുറിച്ച് രണ്ട് വർഷം മുമ്പേ അഞ്ജലി മേനോൻ തന്നെ തന്റെ ഫെയ്സ്ബുക്കിൽ പേജില്‍ വിവരങ്ങൾ കുറിച്ചിരുന്നു. പൃഥ്വിരാജ്, സൂര്യ ചിത്രത്തിലേക്ക്‌ എന്ന് പറഞ്ഞാണ് വ്യാജ കാസ്റ്റിങ് കോൾ എത്തിയത്. നിങ്ങൾ ആരെയെങ്കിലും ഒരാള്‍ സിനിമയുടെ കാസ്റ്റിങിനായി സമീപിച്ചാൽ അവർ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് പറഞ്ഞാൽ നിങ്ങൾ സംശയിക്കണം എന്ന മുന്നറിയിപ്പും അഞ്ജലി കുറിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com