'എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ നിശബ്ദരാകൂ'; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു
'എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ നിശബ്ദരാകൂ'; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. പ്രധാനമന്ത്രിയുടെ ജനത കര്‍ഫ്യൂവിനെ പിന്തുണ പ്രഖ്യാപിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സോഷ്യല്‍ മീഡിയയില്‍ മാലിന്യം വിളമ്പരുതെന്നും അദ്ദേഹം പറയുന്നുണ്ട്. 

ശ്രീകുമാരന്‍ തമ്പിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാര്‍ച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ' ജനതാ കര്‍ഫ്യു' വിനു പൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. നമ്മള്‍ കര്‍ഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. ' ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ' എന്ന മട്ടില്‍ എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com