'വൈകിട്ട് കുറച്ചു നേരമെങ്കിലും മദ്യശാലകൾ തുറന്നുവെക്കൂ'; ആളുകൾ മാനസിക സമ്മർദ്ദത്തിലാണെന്ന് ഋഷി കപൂർ

നിലവിലെ അനിശ്ചിതാവസ്ഥയിൽ പലരും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും മദ്യ ശാല തുറക്കുന്നതിലൂടെ അവർക്ക് അതിൽ നിന്ന് മോചനം നേടാനാവും എന്നാണ് ഋഷി കപൂർ പറയുന്നത്
'വൈകിട്ട് കുറച്ചു നേരമെങ്കിലും മദ്യശാലകൾ തുറന്നുവെക്കൂ'; ആളുകൾ മാനസിക സമ്മർദ്ദത്തിലാണെന്ന് ഋഷി കപൂർ

ലോക്ക്ഡൗണിനെ തുടർന്ന് രാജ്യം മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ എല്ലാം അടച്ചുപൂട്ടി. മദ്യശാലകൾ തുറന്നു പ്രവർത്തിക്കാത്തത് പലരിലും മാനസിക ബുദ്ധിമുട്ടുകളുണ്ടാവാൻ കാരണമായിട്ടുണ്ട്. ഇതിന് അയവു വരുത്താൻ വൈകുന്നേരം കുറച്ചു സമയം മദ്യശാലകൾ തുറന്നിടണം എന്ന നിർദേശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഋഷി കപൂർ. 

ട്വിറ്ററിലൂടെയാണ് താരം നിർദേശം വെച്ചത്. നിലവിലെ അനിശ്ചിതാവസ്ഥയിൽ പലരും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും മദ്യ ശാല തുറക്കുന്നതിലൂടെ അവർക്ക് അതിൽ നിന്ന് മോചനം നേടാനാവും എന്നാണ് ഋഷി കപൂർ പറയുന്നത്. 'ഒന്ന് ചിന്തിച്ചു നോക്കൂ. സർക്കാർ വൈകിട്ട് കുറച്ച് നേരമെങ്കിലും മദ്യശാലകൾ തുറക്കണം. ഞാൻ പറയുന്നത് തെറ്റായി വ്യാഖ്യാനിക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ പൊറുതി മുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടര്‍മാരായാലും... ഇതിൽ നിന്ന് അവർക്കും മോചനം വേണം. കരിഞ്ചന്തകളിലും ഇതിപ്പോള്‍ വില്പന തുടങ്ങിയിട്ടുണ്ട്' ഋഷി കപൂർ കുറിച്ചു. ‌‌

സംസ്ഥാന ​ഗവൺമെന്റുകൾക്ക് എക്സൈസിൽ നിന്ന് ഇപ്പോൾ പണം ആവശ്യമുണ്ടെന്നും താരം കുറിച്ചു. മാനസിക പിരിമുറുക്കവും വിഷാദവും ഒന്നിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഋഷി കപൂർ പറയുന്നു. ഇത് തന്റെ ചിന്തയാണ് എന്ന പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ ചർച്ചകൾ കൊഴുക്കുകയാണ്. ചിലർ പിന്തുണക്കമ്പോൾ വിമർശനവുമായി ഒരു വിഭാ​ഗം എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com