ജ്യോതികയുടെ വിമർശനത്തിന് പിന്നാലെ ആശുപത്രി ക്ലീനിങ്; പിടികൂടിയത് 11 പാമ്പുകളെ

ക്ഷേത്രങ്ങൾക്കായി സംഭാവന നടത്തുന്നതുപോലെ ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും വേണ്ടി ഒന്നിച്ചുനിൽക്കണം എന്നാണ് ജ്യോതിക പറഞ്ഞത്
ജ്യോതികയുടെ വിമർശനത്തിന് പിന്നാലെ ആശുപത്രി ക്ലീനിങ്; പിടികൂടിയത് 11 പാമ്പുകളെ

അടുത്തിടെയാണ് ഒരു പുരസ്കാര ചടങ്ങിനിടെ നടി ജ്യോതിക നടത്തിയ പ്രസം​ഗം വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ചാണ് താരം പറഞ്ഞത്. ക്ഷേത്രങ്ങൾക്കായി സംഭാവന നടത്തുന്നതുപോലെ ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും വേണ്ടി ഒന്നിച്ചുനിൽക്കണം എന്നാണ് ജ്യോതിക പറഞ്ഞത്. എന്നാൽ ഇതിനെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തുകയും താരത്തെ സോഷ്യൽ മീഡിയയിലും മറ്റും രൂക്ഷമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തു. 

എന്നാൽ ഇപ്പോൾ തഞ്ചാവൂരിലെ ആശുപത്രിയിൽ നിന്ന് കേൾക്കുന്ന വാർത്ത അത്ര സുഖകരമല്ല. വിവാദമായതിന് പിന്നാലെ ആശുപത്രിയിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു. ആശുപത്രിയുടെ പരിസരത്തിൽ നിന്ന് 11 പാമ്പുകളെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ചേര, അണലി വർ​ഗത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. എന്നാൽ ജ്യോതികയുടെ പ്രസം​ഗത്തെത്തുടർന്നല്ല ശുചീകരണ നടപടികൾ ആരംഭിച്ചതെന്നും എല്ലാ മാസവും ആശുപത്രി വൃത്തിയാക്കാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. 

തന്റെ പുതിയ ചിത്രം രാക്ഷസിയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് ജ്യോതിക തഞ്ചാവൂർ സർക്കാർ ആശുപത്രിയിൽ എത്തിയത്. കുട്ടികൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് പിറന്നുവീഴുന്നതെന്നും അമ്പലങ്ങൾപോലെ ആശുപത്രിയും സംരക്ഷിക്കണം എന്നുമാണ് താരം പറഞ്ഞത്. ജ്യോതികയ്ക്കെതിരെ വിമർശനം രൂക്ഷമായതിന് പിന്നാലെ പിന്തുണയുമായി ഭർത്താവ് സൂര്യയും രം​ഗത്തെത്തിയിരുന്നു. മതമല്ല മനുഷ്യനാണ് പ്രധാനം എന്നാണ് താരം പറഞ്ഞത്. ഇതിനെ പിന്തുണച്ച് വിജയ് സേതുപതി ഉൾപ്പടെ നിരവധി താരങ്ങളും രം​ഗത്തെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com