'ഒരു കഥൈ സൊല്ലട്ടുമാ' എന്ന് കമൽഹാസൻ, പുഞ്ചിരിച്ച് സേതുപതി; സിനിമയും രാഷ്ട്രീയവും ചർച്ചചെയ്ത് താരങ്ങളുടെ അഭിമുഖം; വിഡിയോ

സമൂഹമാധ്യമത്തിൽ തൽസമയമെത്തിയാണ് കമലിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം സേതുപതി ചോദിച്ചത്
'ഒരു കഥൈ സൊല്ലട്ടുമാ' എന്ന് കമൽഹാസൻ, പുഞ്ചിരിച്ച് സേതുപതി; സിനിമയും രാഷ്ട്രീയവും ചർച്ചചെയ്ത് താരങ്ങളുടെ അഭിമുഖം; വിഡിയോ


തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച കൂട്ടത്തിലാണ് കമൽ ഹാസന്റെയും വിജയ് സേതുപതിയുടേയും സ്ഥാനം. ഇവരെ ഒന്നിച്ച് സിനിമയിൽ കണ്ടിട്ടില്ലെങ്കിലും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ ഒന്നിച്ചിരിക്കുകയാണ് താരങ്ങൾ. കമൽ ഹാസന്റെ മുന്നിൽ ചോദ്യകർത്താവായാണ് വിജയ് സേതുപതി എത്തിയത്. സമൂഹമാധ്യമത്തിൽ തൽസമയമെത്തിയാണ് കമലിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം സേതുപതി ചോദിച്ചത്. ഇരുവരുടേയും സംഭാഷണം തെന്നിന്ത്യയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. 

ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ലൈവില്‍ അഭിനയം, സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍, രാഷ്ട്രീയം, ജീവിതം, കൊറോണ വൈറസ് തുടങ്ങി നിരവധി വിഷയങ്ങള്‍ രണ്ടുപേരും ചര്‍ച്ചചെയ്തു. വിക്രം വേദ എന്ന സിനിമയില്‍ വിജയ് സേതുപതിയുടെ കഥാപാത്രം പറയുന്ന 'നാന്‍ ഒരു കഥൈ സൊല്ലട്ടുമാ' എന്ന ഡയലോഗില്‍ നിന്നാണ് കമല്‍ വീഡിയോ സംഭാഷണം തുടങ്ങിയത്. തുടർന്ന് സേതുപതിയെ പ്രശംസിക്കാനും മറന്നില്ല. സിനിമയെ ഒരു വില്‍പനചരക്കായി മാത്രം കാണുന്നില്ല എന്നതാണ് ഒരു അഭിനേതാവെന്ന നിലയില്‍ ഏറ്റവും ആകർഷിച്ചതെന്നും തിരക്കഥയിൽ പരീക്ഷണങ്ങൾ ന‌ടത്താനുള്ള ശ്രമങ്ങൾ പാഴാവില്ലെന്നും സേതുപതിയെ പുകഴ്ത്തിക്കൊണ്ട് കമൽ പറഞ്ഞു. 

തുടർന്ന് അഭിനയത്തെക്കുറിച്ചും അതിന് പിന്നിലെ പരിശ്രമങ്ങളെക്കുറിച്ചുമെല്ലാം സേതുപതി കമലിനോട് ചോദിച്ചു. മലയാള സിനിമയും കെ.ബാലചന്ദറുമാണ് തന്നെ അഭിനയം പഠിപ്പിച്ചതെന്നാണ് കമല്‍ ഇതിന് മറുപടിയായി പറഞ്ഞത്. തമിഴ്‌നാട്ടിലെ രീതിക്ക് വിപരീതമായി മലയാളത്തില്‍ പ്രേക്ഷകര്‍ കുറച്ചുകൂടി തുറന്ന ചിന്താഗതിയുള്ളവരാണെന്ന് കമല്‍ അഭിപ്രായപ്പെട്ടു. താരങ്ങള്‍ കഥാപാത്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് അവര്‍ക്ക് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാർ, നിങ്ങളുടെ രാഷ്ട്രീയപ്രവേശനം ഞാൻ വ്യക്തിപരമായി ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്. കാരണം ഇത്രവർഷം നിങ്ങൾ സിനിമയോട് കാണിച്ച സ്നേഹവും ആത്മാർഥതയും നിങ്ങൾ രാഷ്ട്രീയത്തിലും കാണിക്കുമെന്ന് ഉറപ്പാണ്. വിജയ് സേതുപതിയുടെ ഈ വാക്കുകൾക്ക് വളരെ നന്ദി എന്നായിരുന്നു കമലിന്റെ മറുപടി. മക്കൾ നീതി മയ്യം എന്നു പാർട്ടിക്ക് പേരിടാൻ ഉള്ള കാരണമെന്താണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. കമ്മ്യൂണിസം എന്നു പറയാറില്ലേ. അതിൽ എല്ലാം ഉൾക്കൊള്ളുന്നു എന്നും അർഥമുണ്ട്. കമ്മ്യൂൺ എന്ന പദം നോക്കൂ. കമ്മ്യൂണിറ്റി.. കൂട്ടം. ഹിന്ദു കമ്മ്യൂണിറ്റി, ക്രിസ്ത്യൻ കമ്മ്യൂണിറ്റി, മുസ്​ലിം കമ്മ്യൂണിറ്റി, ചെട്ടിയാർ കമ്മ്യൂണിറ്റി.. അങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന കൂട്ടം. അതിൽ തന്നെ നീതിക്കായി നിൽക്കണം. അങ്ങനെയാണ് മക്കൾ നീതി മയ്യം എന്ന പേരിലേക്ക് എത്തിയത്.

 വ്യക്തി ജീവിതത്തിലും സിനിമയിലും ഒരു തീരുമാനമെടുക്കുന്നത് ഒരുപാട് ആലോചിച്ചിട്ടാണ്. അതിൽ പിന്നെ വിമർശകർക്ക് സ്ഥാനമില്ല. എന്റെ തീരുമാനങ്ങളാണ്. അതിൽ രണ്ടാമതൊരാൾക്ക് അഭിപ്രായം പറയാൻ എന്താണ് അവകാശമെന്നും കമൽ ചോദിച്ചു. ഒത്തിരി നാളുകളായി നീണ്ടുപോകുന്ന കമല്‍ഹാസന്റെ സിനിമ മരുതനായഗത്തിനെക്കുറിച്ചും വിജയ് ചോദിച്ചു. ഫണ്ട് ഒരു വിഷയമാണെന്ന് പറഞ്ഞ കമല്‍, ഇനി അത് റിലീസ് ചെയ്യണമെങ്കില്‍ അതിന്റെ കഥ മാറ്റുകയോ നായകനെ മാറ്റുകയോ ചെയ്യേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com