'അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനെയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല'

ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ഷമ്മി എത്തിയത്
'അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനെയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല'

ലോക്ക്ഡൗൺ കാലം തന്റെ സിനിമ ഓർമകൾ പങ്കുവെക്കുന്ന തിരക്കിലാണ് ഷമ്മി തിലകൻ. ഇത്തവണ താരം ഓർത്തെടുക്കുന്നത് മോഹൻലാൽ നായകനായെത്തിയ ചെങ്കോലിന്റെ വിശേഷങ്ങളാണ്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ഷമ്മി എത്തിയത്. തന്റെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമയാണ് ചെങ്കോൽ എന്നാണ് ഷമ്മി ഫേയ്സ്ബുക്കിൽ കുറിച്ചത്. ചിത്രത്തിൽ മോഹൻലാലിനെ ലോക്കപ്പിലിട്ട് മർദ്ദിക്കുന്ന സീനുണ്ട്. സിനിമ പുറത്തുവന്നതിന് ശേഷം മോഹൻലാൽ ആരാധകരിൽ നിന്ന് കേട്ട തെറിവിളിക്ക് കണക്കില്ലെന്നാണ് ഷമ്മി പറയുന്നത്. മലയാളത്തിൽ ഒരു നടനും ഒരുകാലത്തും അതുപോലെ തെറിവിളി കേട്ടുകാണില്ലെന്നും താരം കുറിച്ചു

ഷമ്മി തിലകന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

കുത്തിപ്പൊക്കൽ പരമ്പര. (ചെങ്കോൽ-1993. തിരക്കഥ എ.കെ ലോഹിദതാസ്. സംവിധാനം സിബി മലയിൽ)

1985-ൽ ഇരകൾ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്രലോകത്തെ എന്റെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ. ചെങ്കോൽ..!!

ഒരു നാടക, സിനിമാ സംവിധായകൻ ആകുക എന്ന ആഗ്രഹത്തിന്, താൽക്കാലിക വിരാമമിട്ട്..; ഒരു മുഴുവൻ സമയ അഭിനേതാവായി ഞാൻ മാറുവാൻ ഇടയായത്, 1993-ൽ ശ്രീ എ.കെ. ലോഹിത ദാസിന്റെ തൂലികയിൽ പിറവിയെടുത്ത ഈ സിനിമയിലെ സബ്-ഇൻസ്പെക്ടർ വേഷത്തോടെയാണ്..!

ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്‌ഷൻ കൺട്രോളർ ഷണ്മുഖ അണ്ണൻ വിളിക്കുമ്പോൾ, മദിരാശിയിൽ ഓ ഫാബി എന്ന ചിത്രത്തിന്റെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്‌ഷൻ‍ ജോലിയിലായിരുന്നു ഞാൻ. ആ സിനിമയിൽ ഫാബി എന്ന കാർട്ടൂൺ കഥാപാത്രത്തിന് ശബ്ദം നൽകുകയായിരുന്നു അപ്പോൾ ഞാൻ..! 

ആനിമേഷൻ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എന്റെ ജോലി. റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാൽ അത് നിർത്തി വച്ചിട്ട് ചെങ്കോലിന്റെ വർക്കിന് പോകാൻ മനസ്സാക്ഷി അനുവദിച്ചില്ല. അതിനാൽ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസ്സില്ലാ മനസ്സോടെ നിരസിക്കുകയായിരുന്നു അപ്പോൾ ഞാൻ..!


എന്നാൽ, എന്റെ വിഷമം മനസ്സിലാക്കിയ ഫാബിയുടെ സംവിധായകൻ ശ്രീക്കുട്ടൻ സ്വന്തം റിസ്കിൽ എന്നെ വിട്ടുനൽകാൻ തയ്യാറായതിനാലും ആ വേഷം ഞാൻ തന്നെ ചെയ്യണം എന്ന കടുംപിടുത്തം ലോഹിയേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനാലും ആ പൊലീസ് തൊപ്പി എന്റെ തലയിൽ തന്നെ വീണ്ടും എത്തിച്ചേരുകയായിരുന്നു. അതിന്, ലോഹിയേട്ടനോടെന്ന പോലെ തന്നെ ഫാബിയുടെ സംവിധായകൻ ശ്രീക്കുട്ടനോടും ഞാൻ കടപ്പെട്ടിരിക്കുന്നു..അങ്ങനെ മദിരാശിയിൽ നിന്നും ''പറന്നു വന്ന്'' അന്ന് ഞാൻ ചെയ്ത സീനാണ് ഇവിടെ ചേർത്തിരിക്കുന്നത്..!

എന്ത് കളി..? എന്ത്_കളിയായിരുന്നെടാ ഒരുമിച്ചു കളിച്ചിരുന്നത്..?! ഈ ഡയലോഗ് എനിക്ക് ഒത്തിരി ജനപ്രീതി സമ്മാനിച്ചു. എങ്കിലും, ലാലേട്ടനെ ലോക്കപ്പിലിട്ട് മർദ്ദിക്കുന്ന സീൻ, അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കാനും ഇടയാക്കി. അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനെയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല..!! അന്നത് ഒരുപാട് സങ്കടം ഉണ്ടാക്കി എങ്കിലും, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനബോധമാണ് എന്നിൽ ഉണ്ടാകുന്നത്..!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com