തീയറ്ററുകൾ ലോക്ക് ഡൗണിൽ; ബിഗ് ബജറ്റ് ചിത്രങ്ങളും ബിഗ് സ്ക്രീൻ ഒഴിവാക്കി ഡിജിറ്റലിലേയ്ക്ക് 

അമിതാഭ് ബച്ചന്‍ ആയുഷ് മാന്‍ ഖുരാന എന്നിവര്‍ ഒന്നിക്കുന്ന 'ഗുലാബോ സിതാബോ' അടക്കം തിയറ്ററുകള്‍ വിട്ട് നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്കെത്താന്‍ സാധ്യതയുണ്ട്
തീയറ്ററുകൾ ലോക്ക് ഡൗണിൽ; ബിഗ് ബജറ്റ് ചിത്രങ്ങളും ബിഗ് സ്ക്രീൻ ഒഴിവാക്കി ഡിജിറ്റലിലേയ്ക്ക് 

കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് തിയറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ഡിജിറ്റല്‍ റിലീസിനൊരുങ്ങി സിനിമാ നിര്‍മ്മാതാക്കള്‍. പല സംവിധായരും നിര്‍മ്മാണ കമ്പനികളും ഇതിനോടകം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യത പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

അമിതാഭ് ബച്ചന്‍ ആയുഷ് മാന്‍ ഖുരാന എന്നിവര്‍ ഒന്നിക്കുന്ന 'ഗുലാബോ സിതാബോ' അടക്കം തിയറ്ററുകള്‍ വിട്ട് നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്കെത്താന്‍ സാധ്യതയുണ്ട്. ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന വിദ്യാ ബാലന്റെ ചെഹരേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടന്‍ എത്തുമെന്നാണ് സൂചന. രണ്ടു ചിത്രങ്ങളുടെയും റിലീസ് ആമസോണ്‍ പ്രൈം വിഡിയോ അവകാശപ്പെടുത്തിയെന്നും ഔദ്യോഗിക അറിയിപ്പ് ഈ അഴ്ച്ച പുറത്തുവിടുമെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ഗുലാബോ സിതാബോയുടെ നിര്‍മ്മാതാവ് രോണി ലാഹിരി ഈ വാര്‍ത്തയെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല, മറിച്ച് ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കൂ എന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ചെഹരേയുടെ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റ് ഡിജിറ്റല്‍ റിലീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അറിയിച്ചിരുന്നു. ജൂണ്‍ ആദ്യവാരം ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പണ്ഡിറ്റ് പറഞ്ഞത്. 

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഘൂംകേതുവിന്റെ റിലീസ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ചിത്രം ഈ മാസം 22ന് സീ5ല്‍ എത്തും. അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍ റിലീസിനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുണ്‍ ധവാന്റെ കൂലി നമ്പര്‍ 1, ജുന്ദ് കിയാര അദ്വാനിയുടെ ഇന്‍ഡൂ കി ജവാനി എന്നീ ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ റിലീസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചനകള്‍. 

അതേസമയം അക്ഷയ് ചിത്രം സൂര്യവാന്‍ഷി, രണ്‍വീര്‍ ചിത്രം 83 എന്നിവയുടെ നിര്‍മാതാക്കളായ റിലയന്‍സ് ലോക്ക്ഡൗണ്‍ അവസാനിച്ച് സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്നു എന്നാണ് അറിയിച്ചിട്ടുള്ളത്. സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം അപ്പോഴത്തെ അവസ്ഥ അനുസരിച്ച് തീരുമാനമെടുക്കും എന്നാണ് റിലയന്‍സ് അറിയിച്ചിട്ടുള്ളത്. 

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച അംഗ്രേസി മീഡിയം ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് തിയറ്ററുകള്‍ പൂട്ടിയപ്പോള്‍ സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com