'വധുവിനെ ഒരുക്കിക്കഴിയുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്, എന്നാൽ മഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല'

ദിലീപുമായുള്ള താരത്തിന്റെ വിവാഹത്തിൽ മഞ്ജുവിനെ അണിയിച്ചൊരുക്കിയത് അനിലയായിരുന്നു
'വധുവിനെ ഒരുക്കിക്കഴിയുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്, എന്നാൽ മഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല'

ലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് അനില ജോസഫ്. സിനിമയിലും ഫോട്ടോഷൂട്ടിലും മാത്രമല്ല വിവാഹങ്ങളിലും താരങ്ങളെ അണിയിച്ചൊരുക്കിയത് അനിലയായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തന്റെ ഓർമകൾ പങ്കുവെക്കുകയാണ് അവർ. മഞ്ജു വാര്യരെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപുമായുള്ള താരത്തിന്റെ വിവാഹത്തിൽ മഞ്ജുവിനെ അണിയിച്ചൊരുക്കിയത് അനിലയായിരുന്നു. അന്ന് മഞ്ജുവിനെ ഒരുക്കുമ്പോൾ മികച്ച അഭിനയത്രിയെ മലയാളസിനിമയ്ക്ക് നഷ്ടപ്പെടുമല്ലോ എന്ന ദുഃഖം തനിക്കുണ്ടായിരുന്നു എന്നാണ് അവർ കുറിക്കുന്നത്. 

ഒരു ഫോട്ടോഷൂട്ടിനായി ആദ്യമായി മഞ്ജു വാര്യരെ കണ്ടത് എനിക്ക് ഇന്നും ഓർമയുണ്ട്. എന്റെ സുഹൃത്തും കിരീടം ഉണ്ണിയുടെ ഭാര്യയുമായ സരസിജയാണ് മഞ്ജുവിന് മേക്കപ്പ് ചെയ്യാനായി വിളിക്കുന്നത്. അന്നുമുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. നല്ലൊരു വ്യക്തിയാണ് മഞ്ജു. വളരെ ജനുവിനും അത്മാർത്ഥതയുമുള്ള ആളാണ്. മഞ്ജുവിന് റിസപ്ഷൻ മേക്കപ്പ് ചെയ്ത ആ ദിവസത്തെക്കുറിച്ച് ഒരിക്കലും മറക്കാനാവില്ല. തിരുവനന്തപുരത്ത് ഒൻപത് മണവാട്ടികളെ ഒരുക്കിയതിന് ശേഷമാണ് മഞ്ജുവിനെ ഒരുക്കാൻ കൊച്ചിയിലേക്ക് വരുന്നത്. സാധാരണ ഒരു വധുവിനെ ഒരുക്കിക്കഴിയുമ്പോൾ ഞാൻ സന്തോഷിക്കാറുണ്ട്. എന്നാൽ ആ സമയത്ത് എനിക്ക് സമ്മിശ്ര വികാരമായിരുന്നു. മഞ്ജുവിനെക്കുറിച്ചോർത്ത് എനിക്ക് സന്തോഷമുണ്ടായിരുന്നു. എന്നാൽ മലയാളം സിനിമയ്ക്ക് മികച്ചൊരു നടിയെ നഷ്ടമാകുമെന്ന് ഓർത്തപ്പോൾ ദുഃഖം തോന്നി. മികച്ച സൗഹൃദത്തിന് നന്ദി മഞ്ജു. നിങ്ങൾ എപ്പോഴും സ്പെഷ്യലായിരിക്കും. - അനില കുറിച്ചു. 

മഞ്ജുവിനെ മാത്രമല്ല, ജയറാം- പാർവതി വിവാഹത്തിലേയും മേക്കപ്പ് ആർട്ടിസ്റ്റ് ഇവരായിരുന്നു. താൻ ഇതുവരെ കണ്ട ഏറ്റവും തിരക്കേറിയ വിവാഹമായിരുന്നു അതെന്നാണ് അനില കുറിച്ചത്. കുഞ്ചാക്കോ ബോബൻ- പ്രിയ താര വിവാഹത്തിലും കാവ്യ മാധവന്റെ ആദ്യ വിവാഹത്തിലും അനിലയുടെ സാന്നിധ്യമുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com