'അടച്ചിട്ട തീയെറ്ററുകളിലും അവർ ജോലിക്കെത്തുന്നുണ്ട്, അവരുടെ ജീവിതം കൂടി ഓർക്കണം'; ഓൺലൈൻ റിലീസിൽ വിധു വിൻസെന്റ്

മലയാളം ഉൾപ്പടെയുള്ള വിവിധ ഭാഷകളിൽ നിന്നായി ഏഴു സിനിമകളാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക
'അടച്ചിട്ട തീയെറ്ററുകളിലും അവർ ജോലിക്കെത്തുന്നുണ്ട്, അവരുടെ ജീവിതം കൂടി ഓർക്കണം'; ഓൺലൈൻ റിലീസിൽ വിധു വിൻസെന്റ്

ലോക്ക്ഡൗണിനെ തുടർന്ന് തീയെറ്ററുകളെല്ലാം അടച്ചുപൂട്ടിയത് സിനിമലോകത്തിന് ഒന്നടങ്കം തിരിച്ചടിയായിരിക്കുകയാണ്. തീയെറ്റർ എന്നു തുറക്കും എന്ന അവ്യക്തത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സഹായം തേടുകയാണ് നിർമാതാക്കൾ. മലയാളം ഉൾപ്പടെയുള്ള വിവിധ ഭാഷകളിൽ നിന്നായി ഏഴു സിനിമകളാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക. ഇതിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. 

ഇപ്പോൾ ഓൺലൈൻ റിലീസിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയാണ് സംവിധായിക വിധു വിൻസെന്റ്. സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നത് തീയെറ്റർ ഉടമകളേയും അവിടത്തെ ജീവനക്കാരേയും ബാധിക്കും എന്നാണ് വിധു കുറിക്കുന്നത്. അതിനാൽ ഇവരുടെ ജീവിതം കൂടി ചേർത്തുവെച്ചുവേണം ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ. വിശദമായ ചർച്ച ആവശ്യമാണ് എന്നാണ് അവർ കുറിക്കുന്നത്.

വിധു വിൻസെന്റിന്റെ കുറിപ്പ് വായിക്കാം

ജയസൂര്യയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും ആമസോൺ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. വിജയ് ബാബു, ജയസൂര്യ, മറ്റെല്ലാ ടീമംഗങ്ങൾക്കും ആശംസകൾ .
തീയേറ്ററുകൾ അടഞ്ഞുകിടക്കുന്ന ഈ കാലത്ത് സിനിമക്ക് വേണ്ടി പണം മുടക്കിയവർക്കും പ്രതിഫലം കാത്തിരിക്കുന്നവർക്കുമൊക്കെ വലിയ ആശ്വാസമാണ് OTT പ്ലാറ്റ്ഫോമുകൾ.
പക്ഷേ ഒപ്പം ഓർക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.
കേരളത്തിൽ ചെറുതും വലുതുമായ അഞ്ഞൂറോളം തീയേറ്ററുകളുണ്ട്. മൾട്ടിപ്ലക്സുകൾ വേറെയും. ഒരു സ്ക്രീൻ മാത്രമുള്ള തീയേറ്ററിൽ മിനിമം 7 - 10 ജീവനക്കാർ ഉണ്ടാവും. സ്ക്രീനിൻ്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും.പലിശക്ക് കടമെടുത്തും ലോൺ സംഘടിപ്പിച്ചുമൊക്കെ തീയേറ്റർ നടത്തുന്ന ഇടത്തരം തീയേറ്റർ ഉടമകൾ, (ഇങ്ങനെ തീയേറ്റർ നടത്തിയിരുന്ന വകയിലൊരു ബന്ധു കൊട്ടക പൂട്ടി കല്യാണമണ്ഡപമാക്കിയിരുന്നു) ഈ തീയേറ്ററുകളിൽ ജോലി ചെയ്യുന്ന അയ്യായിരത്തിൽപരം ജീവനക്കാർ, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ.. ഇവരുടെയൊക്കെ ജീവിതം കൂടി ചേർത്തുവച്ച് വേണം ഈ വിഷയത്തെ കാണാൻ. ഇപ്പോൾ അടച്ചിട്ടിരിക്കയാണെങ്കിലും നാലോ അഞ്ചോ പേർ ഓരോ തീയേറ്ററിലും ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. പ്രൊജക്ടറും മറ്റ് സംവിധാനങ്ങളും കേടാകാതെ നിർത്താൻ ഇടക്കിടെ പ്രവർത്തിപ്പിക്കേണ്ടതുണ്ട്.OTT ഫ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസായി തുടങ്ങിയാൽ ഈ തീയേറ്ററുകാർ പിന്നെ എന്തുചെയ്യും?അവരുടെ ജോലി, ശമ്പളം, ജീവിതം? ഇക്കാര്യത്തിൽ സർക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും തമ്മിൽ വിശദമായ ചർച്ച ആവശ്യമാണ്.
ബോളിവുഡിലും അടുത്തിടെ തമിഴ് നാട്ടിലും സിനിമകൾ ഡിജിറ്റൽ റിലീസിംഗ് നടത്തിയിരുന്നു. ഒരു പക്ഷേ അനിവാര്യമായ ഒരു 'പരിഹാര 'മായി മലയാള സിനിമകൾക്കും ആ വഴി പോവേണ്ടി വരുമോ?കോ വിഡ് ഉടനെങ്ങും പോവില്ല എന്നാണെങ്കിൽ പ്രസ്തുത പ്രശ്നങ്ങൾക്ക് പരിഹാരം OTT പ്ലാറ്റ്ഫോമുകൾ മാത്രമാണോ? മറ്റെന്തൊക്കെ സാധ്യതകൾ ഉണ്ട്? സിനിമാ നിർമ്മാണത്തിലും വിതരണത്തിലും ഒക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകൾ വേണ്ടി വരില്ലേ? കാര്യമായ ആലോചനയും വിശദമായ ചർച്ചയും ബുദ്ധിപൂർവ്വമായ ഇടപെടലും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com