'ലാലിന് ഒരു ചെയ്ഞ്ചുമില്ല. പണ്ടെത്തെ ലാൽ തന്നെ ഇന്നും'; 33ാം വർഷത്തിൽ 'ഇരുപതാം നൂറ്റാണ്ട്'; സന്തോഷം പങ്കുവെക്കാൻ ആ ഫോൺവിളി എത്തി

സൂപ്പർഹിറ്റ് ചിത്രം റിലീസായിട്ട് 33 വർഷം തികയുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ കെ മധുവിനെ ഫോൺ വിളിച്ചിരിക്കുകയാണ് ലാൽ
'ലാലിന് ഒരു ചെയ്ഞ്ചുമില്ല. പണ്ടെത്തെ ലാൽ തന്നെ ഇന്നും'; 33ാം വർഷത്തിൽ 'ഇരുപതാം നൂറ്റാണ്ട്'; സന്തോഷം പങ്കുവെക്കാൻ ആ ഫോൺവിളി എത്തി

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇരുപതാം നൂറ്റാണ്ടിലെ സാ​ഗർ ഏലിയാസ് ജാക്കി. വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രം താരത്തിന്റെ സിനിമ ജീവിതത്തിന് വലിയ മുതൽക്കൂട്ടായിരുന്നു. സൂപ്പർഹിറ്റ് ചിത്രം റിലീസായിട്ട് 33 വർഷം തികയുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ കെ മധുവിനെ ഫോൺ വിളിച്ചിരിക്കുകയാണ് ലാൽ. ഫേയ്സ്ബുക്കിലൂടെ കെ മധു മോഹൻലാൽ വിളിച്ച വിവരം ആരാധകരെ അറിയിച്ചത്. ലാലിന് ഒരു ചെയ്ഞ്ചുമില്ല. പണ്ടെത്തെ ലാൽ തന്നെ ഇന്നും എന്നാണ് മധു കുറിക്കുന്നത്. ലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. 

കെ മധുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

വർഷങ്ങൾ പോകുന്നത് അറിയാറേയില്ല. കാലത്തിന് ശരവേഗം തന്നെയായിരുന്നു. പക്ഷെ ഈ കൊറോണക്കാലം സമയത്തിന് വേഗം കുറച്ചതായി അനുഭവപ്പെട്ടിട്ടുണ്ട്. ആ മനംമടുപ്പിലാണ് ഇന്ന് രാവിലെ 11:10 ന് ആവേശമായി ആ സ്നേഹദൂത് എത്തിയത്. ഫോണിന്‍റെ മറുതലയ്ക്കൽ മോഹൻലാൽ, നിങ്ങളുടെ ലാലേട്ടൻ. ലാലിന് പങ്കിടാനുണ്ടായിരുന്നത് 'ഇരുപതാം നൂറ്റാണ്ട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് 33 വർഷം തികയുന്ന സന്തോഷം. ഞാൻ വിളിക്കാനിരിക്കുകയായിരുന്നുവെന്ന് പറഞ്ഞപ്പോൾ ലാലിന്‍റെ മറുപടി എന്നെ കൂടുതൽ സന്തോഷവാനാക്കി-" ചേട്ടാ ഇത് നമ്മുടെ പടമല്ലേ, ആര് വിളിച്ചാലും സന്തോഷമല്ലേ"

അതെ, ലാലിന് ഒരു ചെയ്ഞ്ചുമില്ല. പണ്ടെത്തെ ലാൽ തന്നെ ഇന്നും.

ഉമാ സ്റ്റുഡിയോവിൽ വച്ചാണ് പണ്ടത്തെ ലാലിനെ ആദ്യമായി കണ്ടത്. മുടി നീട്ടി വളർത്തിയ വിനയാന്വിതനായ ചെറുപ്പക്കാരൻ. എന്‍റെ ഗുരുനാഥൻ എം കൃഷ്ണൻ നായർ സാറിനൊപ്പം എഡിറ്റർക്ക് മുന്നിലിരിക്കുമ്പോൾ സംഘട്ടന സംവിധായകർ ത്യാഗരാജൻ മാസ്റ്റർ അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. കൃഷ്ണൻ നായർ സാർ അകത്തേക്ക് വിളിച്ചപ്പോൾ ഒപ്പം ലാലും ഉണ്ടായിരുന്നു. ത്യാഗരാജൻ മാസ്റ്റർ ലാലിനെ കൃഷ്ണൻ നായർ സാറിന് പരിചയപ്പെടുത്തി. സാർ അനുഗ്രഹിച്ചു. അവർ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ കൃഷ്ണൻ നായർ സർ എന്നോട് പറഞ്ഞു " മധു, ആ പയ്യൻ ഗുരുത്വമുള്ള പയ്യനാണല്ലോ, വിനയത്തോടെയുളള പെരുമാറ്റം. അയാൾ നന്നാകും കേട്ടോ". അത് അക്ഷരംപ്രതി ഫലിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com