മാളില്‍ കാറിലിരുന്ന് സിനിമ കാണാം; കോവിഡ് കാലത്ത് പുതിയ പരീക്ഷണവുമായി വോക്‌സ് സിനിമാസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th May 2020 07:20 PM |
Last Updated: 16th May 2020 07:20 PM | A+A A- |

ദുബായ്: കോവിഡ് വ്യാപനത്തോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായ മേഖലകളിലൊന്നാണ് സിനിമ വ്യവസായം. തകര്‍ച്ചയില്‍ നിന്ന് കരകയറാനായി മലയാളത്തിലുള്‍പ്പെടെ ഓണ്‍ലൈന്‍ റിലീസുകള്‍ സംഭവിക്കുകയാണ്. തകര്‍ന്ന തീയേറ്റര്‍ വ്യവസായത്തിന് താങ്ങാവാന്‍ പുതിയ വഴിയുമായി രംഗത്ത് വന്നിരിക്കുയാണ് വോക്‌സ് സിനിമാസ്.
സിനിമാ പ്രേമികള്‍ക്ക് സ്വന്തം വാഹനങ്ങള്‍ക്കുള്ളിലിരുന്ന് വലിയ സ്‌ക്രീനില്‍ സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ് കമ്പനി. ദുബൈ എമിറേറ്റ്‌സ് മാളിന്റെ റൂഫ് ടോപ്പിലാണ് പുതിയ ഡ്രൈവ് ഇന്‍ തീയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്.
രാത്രി 7.30നാണ് ഷോ. രണ്ട് പേര്‍ക്ക് ഒരു വാഹനത്തിലിരുന്ന് സിനിമ കാണാന്‍ 180 ദിര്‍ഹവും നികുതിയും നല്‍കണം. മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കം 60 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല. വോക്‌സ് സിനിമാസിന്റെ മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവേശനം. പോപ്‌കോണും സോഫ്റ്റ് ഡ്രിങ്ക്‌സും കുടിവെള്ളവുമെല്ലാം പ്രവേശന കവാടത്തില്‍ വെച്ചുതന്നെ ലഭിക്കും.
വാഹനങ്ങളുടെ ഉയരത്തിന് അനുസരിച്ചാണ് സ്ഥലക്രമീകരണം. പ്രത്യേക ഫ്രീക്വന്‍സിയില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ സിനിമയുടെ ശബ്ദം കാറിന്റെ സ്പീക്കറുകളിലൂടെ ലഭിക്കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് നല്‍കും. മേയ് 17 മുതല്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ ആരംഭിക്കുമെന്നാണ് വോക്‌സ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.