പ്രതിഫലം മുടങ്ങി, നടൻ ആത്മഹത്യ ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2020 12:17 PM  |  

Last Updated: 17th May 2020 12:17 PM  |   A+A-   |  

manmeet

 

മുംബെെ: നടൻ മൻമീത് ​ഗ്രെവാൾ (32) ആത്മഹത്യ ചെയ്തു. ആദത് സേ മജ്ബൂർ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയനായ നടനാണ് മൻമീത്. ഇദ്ദേഹത്തെ നവി മുംബെെയിലെ വീട്ടിൽ ശനിയാഴ്ച രാത്രി 9:30നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ഞെരുക്കത്തിലായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. മൻമീത്തിന്റെ ബാങ്ക് വായ്പ്പകൾ തിരിച്ചടയ്ക്കുന്നതിൽ മുടക്കം വന്നിരുന്നു. വിദേശത്ത് പോയി ജോലി ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിഫലം ലഭിക്കാതെ വന്നപ്പോൾ നടൻ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗർ പറഞ്ഞു. 

ഭാര്യ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കിടപ്പു മുറിയേക്ക് പോയ മൻമീതിന്റെ അനക്കമൊന്നും ഇല്ലാതായപ്പോഴാണ് മുറിയിൽ ചെന്ന് നോക്കിയത്. അപ്പോഴേക്കും നടൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.