'ഞാൻ രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ചുള്ള റിസർച്ചിലാണ്'; പിണറായിയെക്കുറിച്ച് സിനിമയെടുക്കാൻ വിഎ ശ്രീകുമാർ?

അദ്ദേഹത്തെക്കുറിച്ച് ശത്രുതാപരമായി നിരവധി കഥകൾ പ്രചാരത്തിലുണ്ടെന്നും ഇതെല്ലാം ഒരു ദിവസം തിരുത്തപ്പെടേണ്ടതാണെന്നുമാണ് ശ്രീകുമാർ പറയുന്നത്
'ഞാൻ രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ചുള്ള റിസർച്ചിലാണ്'; പിണറായിയെക്കുറിച്ച് സിനിമയെടുക്കാൻ വിഎ ശ്രീകുമാർ?


മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നുവെന്ന സൂചന നൽകി സംവിധായകൻ വി.എ ശ്രീകുമാർ. മുഖ്യമന്ത്രി പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് സൂചന നൽകിയത്. താനും തന്റെ ടീമും രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ചുള്ള റിസർച്ചിലാണ് എന്നാണ് ശ്രീകുമാർ കുറിച്ചത്. അദ്ദേഹത്തെക്കുറിച്ച് ശത്രുതാപരമായി നിരവധി കഥകൾ പ്രചാരത്തിലുണ്ടെന്നും ഇതെല്ലാം ഒരു ദിവസം തിരുത്തപ്പെടേണ്ടതാണെന്നുമാണ് ശ്രീകുമാർ പറയുന്നത്. 

പിണറായി വിജയന്‍റെ ജീവചരിത്ര സിനിമ വിഎ ശ്രീകുമാർ ഒരുക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിണറായി വിജയന്‍റെ രൂപസാദൃശ്യമുള്ള മേക്കോവറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഒരു കണ്‍സെപ്റ്റ് പോസ്റ്ററാണ് അന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. 'ദി കൊമ്രേഡ്' എന്നായിരുന്നു പോസ്റ്ററില്‍ സിനിമയുടെ പേര്. എന്നാല്‍ ഇത് വളരെ മുന്‍പേ ആലോചിച്ച പ്രോജക്ട് ആണെന്നും കണ്‍സെപ്റ്റ് സ്കെച്ചുകള്‍ ആരോ പുറത്തുവിട്ടതാണെന്നുമായിരുന്നു ശ്രീകുമാറിന്‍റെ പ്രതികരണം. പിറന്നാൾ പോസ്റ്റിലെ സൂചനകളും സിനിമയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി നിരവധി പേരാണ് എത്തുന്നത്. 

ശ്രീകുമാറിന്റെ പോസ്റ്റ് വായിക്കാം

കൊമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്‍റെ ടീമും രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസർച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തിൽ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകൾ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവാ, തിരുത്തപ്പെടേണ്ടതുണ്ട്.

പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയൻ. ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്‍റെ ശൈലി. അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്... പിറന്നാൾ സലാം #കോമ്രേഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com