'ഞാനെന്റെ മകളെ വിൽക്കുന്നില്ല, ആ തീരുമാനത്തിന്റെ പേരിൽ ഓരോ ദിവസവും സമ്മർദ്ദം അനുഭവിക്കുകയാണ്'

ജാതിയും മതവും ജാതകവും സ്ത്രീധനവും നിർണ്ണയിക്കുന്ന വിവാഹക്കമ്പോളത്തിൽ ഒരു ചരക്കായി വിൽക്കാനില്ലെന്ന് തീരുമാനിച്ചതിന്റെ സമ്മർദ്ദം ഓരോ ദിവസവും ഞാനും അഭിമുഖീകരിക്കുന്നുണ്ട്
'ഞാനെന്റെ മകളെ വിൽക്കുന്നില്ല, ആ തീരുമാനത്തിന്റെ പേരിൽ ഓരോ ദിവസവും സമ്മർദ്ദം അനുഭവിക്കുകയാണ്'

ത്രയ‌ുടെ കൊലപാതകം കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പെൺമക്കളെ വിവാഹകമ്പോളത്തിലെ വിൽപ്പന ചരക്കാക്കുന്നതാണ് ഇത്തരം കൊലപാതകങ്ങൾക്ക് കാരണമായിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നകത്. ഇപ്പോൾ ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാക‌ൃത്ത് ദീദി ദാമോദരന്. ഞാനെന്റെ മകളെ വിൽക്കുന്നില്ല,  ആ തീരുമാനത്തിന് വലിയ വില കൊടുക്കുന്നുണ്ടെങ്കിലും എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. 

ദീദി ദാമോദരന്റെ കുറിപ്പ് വായിക്കാം

ഞാനെന്റെ മകളെ വിൽക്കുന്നില്ല: ആ തീരുമാനത്തിന് വലിയ വില കൊടുക്കുന്നുണ്ടെങ്കിലും.’

ഭർത്താവ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്ന ആ പെൺകുട്ടി. ഉത്രയുടെ അച്ഛനെ ചാനലുകൾ വിസ്തരിക്കുന്നത് കണ്ടു. സോഷ്യൽ മീഡിയയും അപഗ്രഥിക്കുന്നു. ഉത്തരം പറയാൻ ആ അച്ഛൻ കഷ്ടപ്പെടുന്നതും കണ്ടു. അത് ഒരച്ഛന്റെയോ അമ്മയുടെയോ മാത്രം വേദനയല്ല.

പെൺമക്കളെ വിവാഹം എന്ന കമ്പോളത്തിലേക്ക് ഇറക്കിവിടാൻ നിർബന്ധിതരായ എല്ലാ രക്ഷിക്കാക്കളുടെയും വേദനയാണ്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ഒരു പോലെ കുറ്റവാളിയാക്കുന്ന സ്ത്രീധന നിരോധന നിയമം പ്രഹസനം മാത്രമാണ് എന്ന് ഓരോ സ്ത്രീധനവധവും ആവർത്തിച്ച് വെളിപ്പെടുത്തുന്നു.

പിറന്ന നിമിഷം മുതൽ വിവാഹക്കമ്പോളത്തിൽ ഒരു വിഭവമായി മാറാൻ തയ്യാറെടുപ്പിക്കയാണ് നാം നമ്മുടെ പെൺമക്കളെ. കുടുംബം അതിന്റെ പണിപ്പുരയായി നിൽക്കുന്നു. വളർത്തു ശാലകളായി ക്ലാസ്സ് മുറികൾ , പാഠ്യപദ്ധതികൾ, ആഭരണശാലകൾ , മാധ്യമങ്ങൾ, തിരഞ്ഞെടുപ്പുകൾ, നിയമസഭങ്ങൾ, പാർലമെൻ്റ് , പോലീസ്, കോടതി - എല്ലാം ഒരു ശൃംഖലയായി പണിയെടുക്കുന്നു. ഒരു മാറ്റവുമില്ലാതെ തുടരുന്നു.

ഓരോ തവണ ഭർത്താവിന്റെ വീട്ടിൽ നിന്നും പീഢനങ്ങൾ സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുമ്പോഴും എന്തു വില കൊടുത്തും അവളെ ഭർതൃവീട്ടിലേക്ക് തിരിച്ചയക്കലാണ് നമ്മുടെ രീതി. അതവളുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും അടിമത്തത്തിലേക്ക് തിരിച്ചയ്ക്കലാണ്.

ഉത്ര അതിന്റെ അവസാനത്തെ രക്തസാക്ഷി മാത്രം. പേരില്ലാത്ത അസംഖ്യം സ്ഥലനാമങ്ങളായും നിർഭയയായും നാം മണ്ണിട്ട് മൂടുന്ന നമ്മുടെ തന്നെ പെൺമക്കൾ .

പെണ്ണായതിന്റെ പേരിൽ ഗർഭത്തിലേ തന്നെയും പിറന്ന ഉടനെയും നാം ഇരുട്ടും നെല്ലും നിറച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്നവർ.

എനിക്കും ഉണ്ട് വിവാഹ പ്രായമെത്തിയ ഒരു പെൺകുട്ടി. ജാതിയും മതവും ജാതകവും സ്ത്രീധനവും നിർണ്ണയിക്കുന്ന വിവാഹക്കമ്പോളത്തിൽ ഒരു ചരക്കായി വിൽക്കാനില്ലെന്ന് തീരുമാനിച്ചതിന്റെ സമ്മർദ്ദം ഓരോ ദിവസവും ഞാനും അഭിമുഖീകരിക്കുന്നുണ്ട്. ജാതിയും ജാതകവും ഇല്ലാതെ എന്ത് കല്യാണം എന്ന് ആ കമ്പോളത്തിൽ നിറഞ്ഞാടുന്ന മാട്രിമോണി സൈറ്റുകളിലേക്കും പത്രങ്ങളിലെ വിവാഹപരസ്യങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി. പ്രണയത്തെ പോലും എത്രമാത്രം മതവും ജാതിയും ജാതകവും വിഴുങ്ങിക്കഴിഞ്ഞു എന്ന് നമ്മുടെ കാമ്പസ്സുകളിലെ പ്രണയങ്ങളും നമ്മുടെ സിനിമകളും നമ്മുടെ പൊതു ഇടങ്ങളും തെളിവു നൽകും.

നവോത്ഥാനം പണയം വച്ച് ഈ ലോകം വാങ്ങി വച്ചത് കൊറോണയേക്കാൾ വലിയ സാംസ്കാരിക വൈറസ്സുകളെയായിരുന്നു എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.

നാം നമ്മുടെ പരാജയത്തിന്റെ വിലയാണ് കൊയ്യുന്നത്.

ഖേദപൂർവം, ഒരമ്മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com