'സിനിമാക്കാർ ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച്  കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട'; നടി മായാ മേനോൻ

സെറ്റ് പൊളിച്ചു കളഞ്ഞതിനെ അനുകൂലിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും ഇവർ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്
'സിനിമാക്കാർ ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച്  കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട'; നടി മായാ മേനോൻ

മിന്നൽ മുരളി സിനിമയുടെ സെറ്റ് ബജ്രം​ഗദൾ തകർത്തതിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി സിനിമ താരങ്ങളാണ് രം​ഗത്തെത്തിയത്. എന്നാൽ സിനിമ പ്രവർത്തകരുടെ പ്രതികരണം രാഷ്ട്രീയ അജണ്ടയാണെന്നാണ് നടി മായാ മേനോൻ പറയുന്നത്. കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടത് എന്നും അതിന് വേണ്ടി എല്ലാ സോ കോൾഡ് സിനിമക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച്  കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രമല്ലേ എന്നുമാണ് മായ ഫേയ്സ്ബുക്കിൽ കുറിച്ചത്. പിന്നീട് ഇവരുടെ പോസ്റ്റ് അപ്രത്യക്ഷമായി. 

ഈ വിഷയത്തിൽ മായാ മോനോനിട്ട മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്; ‘സാമൂഹ്യദ്രോഹികൾ, റേപ്പിസ്റ്റുകൾ, കൈക്കൂലിക്കാർ, വിവരദോഷികളായ രാഷ്ട്രീയക്കാർ എന്നിവർ ഒക്കെ ഒരു പാർട്ടിയിൽ മാത്രമോ, ഒരു ജാതിയിൽ മാത്രമോ, ഒരു മതത്തിൽ മാത്രമോ ആണെന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം,അനേകം അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് എന്നത് തന്നെ. ഇത് പക്കാ സാമൂഹ്യദ്രോഹം തന്നെ ആയി കരുതിയാൽ മതി, ഒപ്പം ഈ സാമൂഹ്യദ്രോഹം ചെയ്തവർക്ക് എതിരെ തീർച്ചയായും വേണ്ട നിയമ നടപടികൾ എടുക്കുക തന്നെ വേണം. കാരണം,നിയമാനുസൃതം ആനുവാദം വാങ്ങി ഒരു കഥയ്ക്ക് അനുസരിച്ചു നിർമ്മിച്ച ആ സെറ്റിന് ചിലവിട്ട പണത്തേക്കാൾ കൂടുതൽ അതിന് പിന്നിൽ പ്രവർത്തിച്ച ആർട്ട് ഡിപ്പാർട്ട്മെന്റിലെ പാവപ്പെട്ട ഒരുപാട് മനുഷ്യരുടെ ഒക്കെ രാപ്പകൽ കഠിനാധ്വാനം ഒക്കെ കൊണ്ടായിരിക്കും ആ സെറ്റ് തയ്യാറാക്കിയിട്ടുണ്ടാവുക എന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടും, ഈ ചെയ്ത പ്രവർത്തിയിൽ സമൂഹത്തിന് ദ്രോഹം അല്ലാതെ, യാതൊരു ഗുണവും പ്രഥമ ദൃഷ്ട്യാ കാണാത്തത് കൊണ്ടും ഇത്തരം അനാവശ്യം ചെയ്ത ആളുകൾക്ക് മാതൃകാപരമായ തക്ക ശിക്ഷ തന്നെ നൽകണം എന്ന് തന്നെയാണ് എന്റെ സ്വന്തം അഭിപ്രായം. ഇനി നഷ്ടപരിഹാരം കൊടുത്താലും, ഞാൻ ആലോചിക്കുന്നത് അത് വീണ്ടും പണിതു ഉണ്ടാക്കുവാൻ ആ പാവങ്ങൾ ഇനിയും കഷ്ടപ്പെടേണ്ടി വരുമല്ലോ എന്നാണ്. പിന്നെ അമ്പലത്തിന്റെ സെറ്റ് പൊളിച്ചാലും, പള്ളികളുടെ സെറ്റ് പൊളിച്ചാ ലും, അതിന് പിന്നിൽ ജോലി ചെയ്ത ചെയ്ത പാവം മനുഷ്യരെ ഓർത്താണ് എന്റെ വിഷമം.. അല്ലാതെ കെട്ടിടത്തെക്കുറിച്ചല്ല. ഇനി അഥവാ ഇത് ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ തന്നെ ചെയ്തതതാണെങ്കിൽ ആ ചെയ്ത വ്യക്തികളോട്, അവരോട് മാത്രം, ഒന്നേ പറയാനുള്ളൂ.. Shame on you narrow minded fools....!’ 

സെറ്റ് പൊളിച്ചു കളഞ്ഞതിനെ അനുകൂലിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളും ഇവർ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ' മഴക്കാലവും കഴിഞ്ഞിട്ട് കാലടി മണപ്പുറത്ത് ഇട്ട സെറ്റിൽ ഷൂട്ട്‌ ചെയ്യാമെന്ന് കരുതി അത് പൊളിക്കാതെ ഇട്ടിരുന്നു എന്ന് പറഞ്ഞാൽ കാലടിയും പെരിയാറും അറിയാവുന്ന ഒരാൾക്ക് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ശരിക്കും ഈ സിനിമാക്കാർ അത്ര മണ്ടൻമാർ ആയിരിക്കുമോ..?' എന്നാണ് അവർ പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നത്. കൂടാതെ സെറ്റുകളുടെ നിർമാണത്തെ തുടർന്നുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള പോസ്റ്റും ഇവർ ഷെയർ ചെയ്തിട്ടുണ്ട്. സിനിമ മേഖല ഒന്നടങ്കം മിന്നൽ മുരളി ടീമിനൊപ്പം നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രതികരണവുമായി മായ മേനോൻ രം​ഗത്തെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com