പബ്ലിസിറ്റിക്കുവേണ്ടി നിർമാതാവ് ക്വട്ടേഷൻ കൊടുത്ത് സെറ്റ് തകർത്തെന്ന് വ്യാജ വാർത്ത; നിയമനടപടിക്കൊരുങ്ങി നിർമാതാവ്

നിർമാതാവ് സോഫിയ പോളിനെതിരെയും ഒരുകൂട്ടർ വ്യാജ പ്രചരണവുമായി എത്തി
പബ്ലിസിറ്റിക്കുവേണ്ടി നിർമാതാവ് ക്വട്ടേഷൻ കൊടുത്ത് സെറ്റ് തകർത്തെന്ന് വ്യാജ വാർത്ത; നിയമനടപടിക്കൊരുങ്ങി നിർമാതാവ്

ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നൽ മുരളിയുടെ സെറ്റ് തകർത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ക്ഷേത്രത്തിന് മുൻപിൽ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് നിർമിച്ചതാണ് ബജ്രം​ഗദൾ പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. എന്നാൽ അതിനൊപ്പം നിർമാതാവ് സോഫിയ പോളിനെതിരെയും ഒരുകൂട്ടർ വ്യാജ പ്രചരണവുമായി എത്തി. പബ്ലിസിറ്റിക്കുവേണ്ടി ക്വട്ടേഷൻ കൊടുത്ത് നിർമാതാവ് തന്നെയാണ് പൊളിച്ചത് എന്നായിരുന്നു ഒരു ഓൺലൈൻ പോർട്ടലിൽ വന്ന വാർത്ത. ഇപ്പോൾ അവർക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് നിർമാതാക്കൾ. സോഫിയ പോളിന്റെ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് വ്യാജവാർത്തയ്ക്ക് എതിരായ കുറിപ്പ് പങ്കുവെച്ചത്. 

കുറിപ്പ് വായിക്കാം

ഞങ്ങളുടെ മാനേജിങ് ഡയറക്ടർ ശ്രീമതി സോഫിയ പോളിനെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയേയും വളരെയധികം അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജവാർത്ത ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ പങ്കു വച്ചതായി ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് നമ്മൾ എല്ലാവരും തന്നെ ഇപ്പോൾ കടന്നു പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേവരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് പിന്തുണയുമായി നിൽക്കുന്ന ഓരോരുത്തരോടും ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നുണ്ട്. വ്യാജവാർത്ത നൽകിയ ആ ഓൺലൈൻ പോർട്ടലിന് എതിരെ ഞങ്ങൾ നിയമപരമായി നീങ്ങുവാൻ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടർത്തുന്നതുമായ ഇത്തരം വ്യാജവാർത്തകൾ ദയവായി ഷെയർ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു. കുറ്റവാളികൾക്ക് എതിരായ നിയമനടപടികൾ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com