'ഞങ്ങളുടെ സെറ്റിനെയും രക്ഷിക്കൂ', ഒരു പാട്ടു സീനും കൂടി ഇവിടെ പ്ലാൻ ചെയ്തിരുന്നതാണ്; സംവിധായകന്റെ കുറിപ്പ്

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 എന്ന സിനിമയുടെ സെറ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്
'ഞങ്ങളുടെ സെറ്റിനെയും രക്ഷിക്കൂ', ഒരു പാട്ടു സീനും കൂടി ഇവിടെ പ്ലാൻ ചെയ്തിരുന്നതാണ്; സംവിധായകന്റെ കുറിപ്പ്

ടൊവിനോ നായകനായ മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകർത്ത വാർത്തയ്ക്ക് പിന്നാലെ മറ്റൊരു സിനിമയുടെ സെറ്റും വാർത്തകളിൽ ഇടം നേടുകയാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 എന്ന സിനിമയുടെ സെറ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ സംവിധായകൻ പ്രശാന്ത് കാനത്തൂർ ആണ് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. അട്ടപ്പാടി അഗളിയിൽ ഒരുക്കിയിരിക്കുന്ന സെറ്റ് മഴയിലും കാറ്റിലും തകർന്ന് വീഴുകയാണെന്നാണ് സംവിധായകൻ പറയുന്നത്.

ലോക്ക്ഡൗണിനെത്തുടർന്ന് മാർച്ച് 17ന് ഷൂട്ടിങ് നിർത്തിവയ്ക്കുകയായിരുന്നു. എട്ട് ദി‌വസത്തെ ചിത്രീകരണം കൂടെയാണ് ഇവിടെ പൂർത്തീകരിക്കാനുള്ളത്. ഒരു പാട്ടു സീനും കൂടി പ്ലാൻ ചെയ്തിരുന്നതാണെന്നും പരിമിതമായ ആളുകളെ വച്ച് സെറ്റിലെ രംഗങ്ങൾ പൂർത്തീകരിക്കാൻ തയ്യാറാണെന്നും സംവിധായകൻ പറയുന്നു.  സെറ്റിലെ ജോലിയെങ്കിലും തീർക്കാനുള്ള പ്രത്യേക അനുമതി തരണമെന്നാണ് ഇവരുടെ ആവശ്യം.  

സംവിധായകന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ

എന്റെ സിനിമയായ സ്റ്റേഷൻ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളിൽ കുടിലുകൾ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങൾ അവിടെ നിർമ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 17 ന് ഞങ്ങൾക്ക് ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു. വളരെ വേദനയോടെയാണ് ഞങ്ങൾ അട്ടപ്പാടിയിൽ നിന്നും മടങ്ങിയത്.
സെറ്റിൽ ഒരു മുഴുവൻ സമയ കാവൽക്കാരനെ നിർത്തി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിർത്താൻ ഇവർക്കാവില്ലല്ലോ. ഇക്കഴിഞ്ഞ ദിവസം അട്ടപ്പാടി സെറ്റിന്റെ കുറച്ചു ചിത്രങ്ങൾ ഒരു സുഹൃത്ത് അയച്ചു തന്നു. കുടിലിന്റെ മേലെയുള്ള പുല്ലുകൾ പാറിപ്പോയി. ചുമരുകൾ ദ്രവിക്കാൻ തുടങ്ങി. ചായം ഇളകിത്തുടങ്ങി. ഇനി മഴ കൂടി ശക്തമായാൽ സെറ്റ് പൂർണമായും നശിക്കുമെന്നുറപ്പാണ്.

ലക്ഷങ്ങൾ ചെലവഴിച്ച് ഒരു മാസത്തിൽ കൂടുതൽ സമയം എടുത്താണ് സെറ്റ് ഒരുക്കിയത്. ഇനി എട്ടു ദിവസം കൂടി ഷൂട്ട് ചെയ്താൽ സെറ്റിലെ ജോലികൾ കഴിയും. ഒരു പാട്ടു സീനും കൂടി ഇവിടെ പ്ലാൻ ചെയ്തിരുന്നതാണ്. പരിമിതമായ ആളുകളെ വച്ച് ഞങ്ങൾ സെറ്റിലെ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ തയ്യാറാണ്. മഴയ്ക്ക് മുമ്പെങ്കിലും ഇതിന് സാധിച്ചില്ലെങ്കിൽ വല്ലാത്ത പ്രതിസന്ധിയിൽ അകപ്പെടും.

ഒരു ബിഗ് ബജറ്റ് സിനിമയല്ല സ്റ്റേഷൻ 5. അതു കൊണ്ടു തന്നെ മറ്റു പലർക്കും ചെറുതെന്നു തോന്നുന്ന നഷ്ടം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലുതുമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ സെറ്റിലെ ജോലിയെങ്കിലും മുഴുമിപ്പിക്കാൻ ഞങ്ങൾക്ക് പ്രത്യേക അനുമതി തരണമെന്നാണ് അധികൃതരോടുള്ള അപേക്ഷ. അതിനു സാധിച്ചില്ലെങ്കിൽ ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നം കൂടിയായിരിക്കും തകർന്നടിയുക.

ഞങ്ങളുടെ അവസ്ഥ മനസിലാക്കി സഹായിക്കണമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. സിനിമ സെറ്റുകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ സ്റ്റേഷൻ 5 ടീം ശക്തമായി അപലപിക്കുന്നു. ഇത്തരം ആക്രമണം ഖേദകരമാണ്. സിനിമയുടെ മികച്ച പൂർണതയ്ക്കു വേണ്ടിയാണ് പലപ്പോഴും സെറ്റുകൾ ഒരുക്കുന്നത്. നിർമാതാക്കൾ സംവിധായകനെ വിശ്വസിച്ചാണ് പണമിറക്കുന്നത്. പരസ്പര വിശ്വാസമാണ് വേണ്ടത്.

എന്ന്, പ്രശാന്ത് കാനത്തൂർ

സംവിധായകൻ

സ്റ്റേഷൻ 5

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com