ബ്രിട്ടീഷ് റിയാലിറ്റി ഷോയിൽ തിളങ്ങിയ മലയാളി പെൺകുട്ടി; വൈറലായി സൗപർണികയുടെ ​ഗാനം

ബ്രിട്ടൻസ് ഗോട്ട് ടാലന്റിലെ ഓഡിഷനിലായിരുന്നു സൗപർണികയുടെ അമ്പരപ്പിക്കുന്ന പ്രകടനം
ബ്രിട്ടീഷ് റിയാലിറ്റി ഷോയിൽ തിളങ്ങിയ മലയാളി പെൺകുട്ടി; വൈറലായി സൗപർണികയുടെ ​ഗാനം

ബ്രിട്ടീഷ് റിയാലിറ്റി ഷോ വേദിയെ ഞെട്ടിച്ച മലയാളി പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പത്തുവയസുകാരിയായ സൗപർണിക നായരാണ് ഒരൊറ്റ ​ഗാനത്തിലൂടെ ലോക ശ്രദ്ധ നേടിയത്. ബ്രിട്ടൻസ് ഗോട്ട് ടാലന്റിലെ ഓഡിഷനിലായിരുന്നു സൗപർണികയുടെ അമ്പരപ്പിക്കുന്ന പ്രകടനം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കൊച്ചുമിടുക്കിയുടെ വിഡിയോ. 

സൈമൺ കോവെൽ, അമൻഡ ഹോൾഡൻ, അലേഷ ഡിക്സൺ, ഡേവിഡ് വാല്യംസ് എന്നിവരായിരുന്നു പരിപാടിയുടെ വിധികർത്താക്കൾ. ഇവരുടെ ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെയാണ് സൗപർണിക മറുപടി പറഞ്ഞത്. തുടർന്ന് ഒരു ​ഗാനം ആലപിക്കാൻ തുടങ്ങിയ സൗപർണികയോട് പാതിയിൽ പാട്ടു നിർത്താൻ സൈമൺ ആവശ്യപ്പെട്ടു. മറ്റൊരു പാട്ടു പാടാനും അദ്ദേഹം ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായ ഇടപെടൽ സൗപർണികയെ അമ്പരപ്പിച്ചെങ്കിലും സൈമൺ ആവശ്യപ്പെട്ട ​ഗാനം അതിമനോഹരമായി ആലപിക്കുകയായിരുന്നു കൊച്ചുമിടുക്കി. 

‘ദ് ഗ്രേറ്റസ്റ്റ് ഷോമാൻ’ എന്ന വിശ്വവിഖ്യാത ചിത്രത്തിലെ ‘നെവർ ഇനഫ്’ എന്ന ഗാനമാണ് സൗപർണിക രണ്ടാമത് പാടിയത്. അമ്പരപ്പിക്കുന്ന പ്രകടനം കണ്ട് വിധികർത്താക്കളും കാണികളും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ കുട്ടിത്താരത്തെ അഭിനന്ദിച്ചു. കൊല്ലം സ്വദേശിയായ ഡോ.ബിനുവിന്റേയും രഞ്ജിതയുടേയും മകളാണ് സൗപർണിക. മകളുടെ  ‌‌‌‌‌‌‌‌‌പ്രകടനം തത്സമയം കണ്ടുകൊണ്ട് ഇരുവരും വേദിക്കു പിന്നിൽ ഉണ്ടായിരുന്നു. സൗപർണികയുടെ ​ഗാനം എആർ റഹ്മാനെയും അമ്പരപ്പിച്ചിരിക്കുകയാണ്. കുട്ടിത്താരത്തിന്റെ ​ഗാനം റഹ്മാൻ ട്വീറ്റ് ചെയ്തിരുന്നു. മുൻപ് ബിബിസി ചാനലിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിൽ പങ്കെടുക്കാനുള്ള അവസരവും സൗപർണികയ്ക്ക് ലഭിച്ചിരുന്നു. 

യുകെ യിൽ നിരവധി സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൗപർണിക കഴിവു തെളിയിച്ചു കഴിഞ്ഞു. സൗപർണിക നായർ എന്ന യുട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്സ്ക്രൈബേഴ്സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബർട് വുഡ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് സൗപർണിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com