'അത് എന്നെ തിന്നുന്ന ഘട്ടം വന്നപ്പോൾ മൊഴിചൊല്ലി, ഉമ്മ ഏറ്റവും സന്തോഷിച്ചത് അന്നാണ്'; പുകവലി ഉപേക്ഷിച്ചതിനെക്കുറിച്ച് നിഷാദ്

സിനിമയിലെ പല നടന്മാരും തന്റെ പുകവലിയെ സ്വാദീനിച്ചിട്ടുണ്ട് എന്നാണ് നിഷാദ് പറയുന്നത്
'അത് എന്നെ തിന്നുന്ന ഘട്ടം വന്നപ്പോൾ മൊഴിചൊല്ലി, ഉമ്മ ഏറ്റവും സന്തോഷിച്ചത് അന്നാണ്'; പുകവലി ഉപേക്ഷിച്ചതിനെക്കുറിച്ച് നിഷാദ്

ജീവിതത്തിലെ ഏറ്റവും വലിയ വിജയം പുകവലി നിർത്തിയതാണെന്ന് സംവിധായകൻ എംഎ നിഷാദ്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാ​ഗമായി നിഷാദ് പങ്കുവെച്ച കുറിപ്പിലാണ് തന്റെ പുകവലി ദിനങ്ങളെക്കുറിച്ച് കുറിച്ചത്. കോളജ് കാലത്ത് കയ്യിലെരിയുന്ന സിഗററ്റില്ലാതെ വിരളമായിട്ട് മാത്രമേ നിഷാദിനെ കണ്ടിട്ടുള്ളൂ. സിനിമയിലെ പല നടന്മാരും തന്റെ പുകവലിയെ സ്വാദീനിച്ചിട്ടുണ്ട് എന്നാണ് നിഷാദ് പറയുന്നത്. എന്നാൽ സിഗററ്റ് തന്നെ തിന്നുന്ന ഘട്ടം വന്നപ്പോഴാണ് അതിനെ മൊഴിചൊല്ലുന്നത്. തന്റെ ഉമ്മ ഏറ്റവും സന്തോഷിച്ചത് അന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ശരീരത്തേയും, മനസ്സിനേയും രോഗങ്ങളുടെ പത്തായപുരകളാക്കാൻ മാത്രമേ പുകവലിക്ക് കഴിയൂവെന്നും നിഷാദ് കുറിപ്പിൽ പറയുന്നുണ്ട്. 

നിഷാദിന്റെ കുറിപ്പ് വായിക്കാം

സിഗററ്റ് ....

ഒരു കാലത്ത് എന്റെ ഉറ്റ തോഴനായിരുന്നു...

ചുണ്ടിൽ എരിയുന്ന സിഗററ്റിന്റ്റെ പുക വലിച്ച് പുറത്ത് വിടുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തിയിലെ, എത്രയോ ദിനരാത്രങ്ങൾ ....
കൈയ്യിലെരിയുന്ന സിഗററ്റില്ലാതെ കോളജ് കാലത്ത്, എന്നെ വളരെ വിരളമായിട്ടേ കണ്ടിട്ടുളളൂ എന്ന് ഈയടുത്തകാലത്ത് എന്നെ പഠിപ്പിച്ച അധ്യാപിക പറഞ്ഞതോർക്കുന്നു...സിഗററ്റ് /ബീഡി എന്റ്റെ ഒരു ട്രേഡ് മാർക്കായിരുന്നു...

എന്നായിരുന്നു ആദ്യമായി പുകവലിച്ചതെന്നോർമ്മയില്ല...പക്ഷെ, ഒന്നോർമ്മയുണ്ട് പുനലൂരിലെ തറവാട് വീട്ടിൽ വെച്ച് എന്റ്റെ ഉപ്പാപ്പ വലിക്കുന്നത് കണ്ട് ഞാനദ്ദേഹത്തോട് ചോദിച്ചത്... പുനലൂരിലെ ആദ്യത്തെ മുനിസിപ്പൽ ചെയർമാനായിരുന്ന മുഹമ്മദ് കുഞ്ഞ് മാസ്റ്റർ എന്ന എന്റെ ഉപ്പാപ്പ നല്ലത് പോലെ പുക വലിക്കുമായിരുന്നു... എന്നോട് ഒരുപാട് വാത്സല്ല്യമുണ്ടായത് കൊണ്ട്, എന്റെ ഒരാഗ്രഹത്തിനും മൂപ്പരെതിരു നിന്നിട്ടില്ല..അത് കൊണ്ട് തന്നെ പുകവലിക്കണമെന്ന എന്റെ ആവശ്യത്തിനെതിര് നിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല... ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം വലിച്ച് കൊണ്ടിരുന്ന സിഗററ്റ് എന്റെ ചുണ്ടിലും വെച്ചു തന്നു...അതാണ് ആദ്യാനുഭവം...പിന്നീട് സിഗററ്റിന്റെ മണം ഒരു ഹരമായി..

അമ്മാവന്മാരിൽ രണ്ട് പേർ നല്ല പുകവലിക്കാരായിരുന്നു,അവർ വലിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നതും മധുരമുളള ഓർമ്മ തന്നെ..
പത്താം ക്ളാസ്സിൽ വെച്ചാണ്, പുകവലിയുടെ നല്ലോർമ്മകൾ തുടങ്ങുന്നത്... ഒരാൺകുട്ടി പ്രായപൂർത്തിയായി എന്നവന് സ്വയം തോന്നുന്ന മിഥ്യാധാരണകളിൽ, സിഗററ്റിന്റെ സ്വാധീനം ചെറുതല്ല... അത് സിനിമാ താരങ്ങൾ വഴിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട...
സിനിമ കാണാൻ തീയറ്ററിൽ പോകുമ്പോൾ ചില പരസ്യങ്ങൾ വരും, സിനിമ തുടങ്ങുന്നതിന് മുമ്പ്.. അക്കാലത്ത് എന്നെ ആകർഷിച്ച സിഗററ്റുകളുടെ പരസ്യങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ജാക്കി ഷറോഫ് അഭിനയിച്ച പനാമ സിഗററ്റിന്റ്റേതാണ്..''പനാമ നൽകും രുചിയും മണവും പറ്റില്ലതു പോൽ ഫിൽറ്റർ പോലും'' അന്ന് വിപണിയിൽ പുതിയ ട്രെൻഡിൽ എത്തിയ ഫിൽറ്റർ സിഗററ്റുകളാണ് വിൽസും ഗോൾഡ് ഫ്ളേക്കും... വിലയും കൂടുതലാണ്...പനാമയും, സിസ്സേഴ്സും, ചാർമിനാറും ഫിൽറ്റർ ഇല്ലാത്ത സാധാരണക്കാരന്റ്റെ സിഗററ്റും...അത് കൊണ്ടാണ് പനാമ കമ്പനിക്കാർ സിനിമാ താരത്തെ വെച്ച് അങ്ങനെയൊരു പരസ്യം ചെയ്തത്...

ജാക്കി ഷ്റോഫിന്റെ സിഗററ്റ് വലിക്കുന്ന ശൈലി എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു..അദ്ദേഹത്തിന്റെ ഹീറോ എന്ന സിനിമ ഹിറ്റായ കാലം... പക്ഷെ ചില സിനിമകളിൽ നായക കഥാപാത്രങ്ങൾ സിഗററ്റ് വലിക്കുന്നത് കാണാൻ ഒരു വലിയ ചന്തം തന്നെ... പഞ്ചാഗ്നി ഇറങ്ങിയ സമയം... സാഗരങ്ങളെ എന്ന പാട്ടിന്‌റ്റെയിടക്ക് മോഹൻലാൽ സിഗററ്റ് വലിച്ച് ഊതി വിടുന്ന ഒരുരംഗമുണ്ട്..വളരെ ശാന്തമായി, താളാത്മകമായി പുകയിങ്ങനെ പോകുന്നത് കണ്ടപ്പോളും, സുഖമോ ദേവിയിലെ ലാലേട്ടന്റെ സിഗററ്റ് വലിക്കുന്ന ശൈലിയും അനുകരിച്ച് വലിക്കാൻ തുടങ്ങി.. പിന്നെ അടിയൊഴുക്കുകളിലെ,കരുത്തനായ കഥാപാത്രം കരുണന്റ്റെ പരുക്കൻ വേഷത്തിൽ മമ്മൂട്ടി അരങ്ങ് തകർക്കുമ്പോൾ, ചുണ്ടിലെ എരിയുന്ന ബീഡിയായി ട്രെൻഡ്... മമ്മൂക്കയുടെ പുകവലി ഒരു രസം തന്നെയായിരുന്നു ... അങ്ങനെ മമ്മൂട്ടി സ്റ്റൈൽ സായത്തമാക്കി... പക്ഷെ ,അതിനേക്കാളൊക്കെ എന്നെ ആകർഷിച്ചത് യഥാർത്ഥ സ്റ്റൈൽ മന്നന്റെ വരവിലാണ്...സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിഗററ്റ് വലി, അന്നും ഇന്നും, ഏക്കാലത്തേയും ട്രെൻഡാണ്...

അങ്ങനെ ലിയോതെർട്ടീൻ സകൂളിൽ നിന്നുളള എസ്ക്കർഷൻ പോക്കിലാണ്,സിഗററ്റ് വലിയുടെ പല തലങ്ങൾ പരീക്ഷിച്ചത്...കുടെ പുകവലിക്കാൻ കൂടിയവരിൽ എബി മാമ്മനും ജോണിയും മനോജുമൊക്കെയുണ്ട്..അവന്മാരൊക്കെ സിഗററ്റ് കൈകൊണ്ട് തൊട്ടിട്ടില്ല എന്ന് അവരവരുടെ ഭാര്യമാരുടെ മുന്നിലിരുന്ന് നല്ല പുളള ചമയാറുണ്ട് ഇപ്പോൾ...

അങ്ങനെ സിഗററ്റ് എന്റെ സന്തതസഹചാരിയായി...മാർ ഇവാനിയോസിലും, പിന്നീട് ടി കെ എമ്മിലും പഠിക്കുമ്പോഴും ഒക്കെ സിഗററ്റില്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവുമായിരുന്നില്ല...സമാന ചിന്താഗതിക്കാർ ഒരുപാട് പേരുണ്ട്, കസിൻ രഞ്ചു സലാം, നൈനാൻ, ഇടിക്കുള അങ്ങനെയങ്ങനെ ഒത്തിരി സഹവലിയന്മാർ...

ഉപദേശിക്കാൻ വരുന്നവരോട് ഞാൻ പറയുന്ന ഒരു സ്ഥിരം സിനിമാ ഡയലോഗുണ്ടായിരുന്നു..''ഒരു പെണ്ണിന്റെ ആദ്യ ചുംബനത്തേക്കാളും, ആസ്വാദകരവും,ആശ്വാസകരവുമാണ് ഒരു സിഗററ്റിന്റെ അവസാനത്തെ പുകക്ക്''എന്റെ പുകവലി കൊണ്ട് ഏറ്റവും ദുഖം എന്റെ ഉമ്മക്കായിരുന്നു... പക്ഷെ എനിക്ക് പുകവലി ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു.. ഒരുപാട് നടന്മാരുടെ ശൈലി പുകവലിക്കുന്നതിൽ ഞാൻ അനുകരിച്ചിട്ടുണ്ടെങ്കിലും, എന്നെ ഏറ്റവും സ്വാധീനിച്ചത് നടൻ സുകുമാരന്റെ സിഗററ്റ് വലിക്കുന്ന രീതിയായിരുന്നു... അന്തിവെയിലിലെ പൊന്ന് എന്ന ചിത്രത്തിൽ ശ്രി സുകുമാരന്റെ കൂടെ ബാലതാരമായി അഭിനയിക്കാനുളള ഭാഗ്യം എനിക്കുണ്ടായി...അന്നാണ് അദ്ദേഹത്തെ ഞാനാദ്യമായി കാണുന്നതും...555 സിഗററ്റ് ഒരു പ്രത്യേക രീതിയിൽ വിരലുകൾക്കിടയിൽ വെച്ചാണ് അദ്ദേഹം വലിച്ചിരുന്നത്...ആ ശൈലിയാണ് ഞാൻ കടമെടുത്തത്... പുകവലി നിർത്തുന്നത് വരെ സുകുമാരൻ സ്റ്റൈലിലായിരുന്നു എന്റെ സിഗററ്റ് വലി....

സിഗററ്റ് എന്നെ തിന്നുന്ന ഘട്ടം വന്നപ്പോൾ ഞാൻ എന്നന്നേക്കുമായി സിഗററ്റിനെ മൊഴി ചൊല്ലി.. എന്റെ ഉമ്മ ഒരുപക്ഷെ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അന്നായിരിക്കും... ജീവിതത്തിൽ ഏറ്റവും വലിയ വിജയമെന്താണെന്ന എന്നോടുളള ചോദ്യത്തിന്, പുകവലി നിർത്തിയത് തന്നെയെന്നുളളതാണെന്റെ ഉത്തരം...

അതെ... നമ്മുടെ ശരീരത്തേയും, മനസ്സിനേയും രോഗങ്ങളുടെ പത്തായപുരകളാക്കാൻ മാത്രമേ പുകവലിക്ക് കഴിയൂ എന്ന നഗ്ന സത്യം മനസ്സിലാക്കാൻ ,ഒരുപാട് ദൂരം സഞ്ചരിക്കണ്ട കാലത്തല്ല നാം ജീവിക്കുന്നത്... ഓരോ പുകയിലും എരിയുന്നത് നമ്മുടെ ആയുസ്സാണ് എന്ന തിരിച്ചറിവാണ് ഈ ദിനത്തിൽ,ഈ പുകയില വിരുദ്ധ ദിനത്തിൽ എനിക്ക് നിങ്ങളോട് പങ്ക് വെക്കാനുളളത്...

ഒരിക്കലും, ഉറ്റ തോഴനായ സിഗററ്റിനെ കൈവെടിയില്ല എന്ന് ദൃഢപ്രതിജ്ഞയെടുത്തിരുന്ന നല്ല ലക്ഷണമൊത്ത പുകവലിക്കാരനായിരുന്ന, ഈയുളളവൻ സാക്ഷ്യപ്പെടുത്തുന്നു...Stop Smoking...it kills you...

NB: മുകളിൽ കൊടുത്തിരിക്കുന്ന പടം, കേണി എന്ന ഞാൻ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിൽ ഒരു ലോറീ ഡ്രൈവരുടെ വേഷത്തിൽ അഭിനയിച്ചപ്പോൾ എടുത്തത്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com