'കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്തുന്നതിനുവേണ്ടിയുള്ള ആപ്പ് പരിപാടി'; സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി നടപ്പാക്കിയ പരിപാടിയാണ് ഇതെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു പറയുന്നത്
'കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്തുന്നതിനുവേണ്ടിയുള്ള ആപ്പ് പരിപാടി'; സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

ബിവറേജസ് ഔട്ട്ലെറ്റിലെ തിരക്കു കുറക്കാനായി കൊണ്ടുവന്ന ബെവ് ക്യു ആപ്പ് സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ തലവേദനയാവുകയാണ്. ഇപ്പോൾ ബെവ് ക്യു ആപ്പ് പുറത്തിറക്കിയതിന് സർക്കാരിനെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി നടപ്പാക്കിയ പരിപാടിയാണ് ഇതെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു പറയുന്നത്. ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും. ഇതുമനസിലാക്കിയാണ് സ്വകാര്യ കമ്പനി കോഴിക്കോട്ടുകാരന് കണ്ണൂരിൽ മദ്യം നൽകുന്നത് എന്നാണ് ജോയ് മാത്യു കുറിക്കുന്നത്. 

ജോയ് മാത്യുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു
------------------------------------------------
കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി കേരള ഗവൺമെന്റ് നടപ്പിലാക്കിയ ആപ്പ് പരിപാടിയെ എന്തുകൊണ്ടാണ് മദ്യവിരുദ്ധ പ്രസ്ഥാനക്കാർ പിന്തുണക്കാത്തത് ? സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകൾ(ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല) പിന്നെ ഇവർക്ക് തുലയ്ക്കുവാൻ പൊതുഖജാനാവ് !.എന്നിട്ടും ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസ്സിലായിട്ടില്ല.

അവിടെയാണ് സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടത് . ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ ,ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും.ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല.എന്നാൽ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു . അത് മനസ്സിലാക്കിത്തന്നെയാണ് ഗവൺമെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളിൽ അടിച്ചു കേറ്റിയിരിക്കുന്നത്ത് .സംശയമുണ്ടെങ്കിൽ നിങ്ങൾ ഇതൊന്നു ഡൌൺ ലോഡ് ചെയ്യൂ .നിങ്ങൾ കോഴിക്കോട്ടുകാരനാണെങ്കിൽ നിങ്ങൾക്ക് കണ്ണൂരിലെ ഒരു ബാറിൽ നിന്നും മദ്യം കിട്ടും.കോട്ടയംകാരനാണെങ്കിൽ കൊച്ചിയിലും കൊച്ചിക്കാരനാണെങ്കിൽ കാഞ്ഞിരപ്പള്ളിയിലും! 

ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം .അല്ലെങ്കിൽ ബീവറേജിൽ വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന കൂതറ ചരക്കുകൾ ഭാഗ്യമുണ്ടെങ്കിൽ കിട്ടിയെങ്കിലായി .അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല , ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത് ? മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാൻ കേരള ഗവൺമെന്റ് കാണിക്കുന്ന ഈ ശുഷ്കാന്തിയെ നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരാണ് പിന്തുണക്കുക ! 

ചുരുങ്ങിയപക്ഷം സഖാക്കളെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇമ്മാതിരി ഒരു ആപ്പ് കണ്ടുപിടിച്ച സ്വകാര്യ കമ്പനിയെയും അതിലെ ആപ്പ് ശില്പികളെയും ആദരിക്കാൻ കേരള ജനത രാഷ്ട്രീയ ഭേദമെന്യേ തയ്യാറായി കഴിഞ്ഞു ,അവർ ഒന്ന് പുറത്തേക്ക് വന്നാൽ മാത്രം മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com