ഹരിഹരന് ജെ സി ഡാനിയേല്‍ പുരസ്‌കാരം

ചലച്ചിത്രരംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്
ഹരിഹരന് ജെ സി ഡാനിയേല്‍ പുരസ്‌കാരം

തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ബഹുമതി ഹരിഹരന് പിന്നീട് സമര്‍പ്പിക്കും. പ്രമുഖ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കുറി ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് ഹരിഹരനെ തെരഞ്ഞെടുത്തത്.

മലയാള സിനിമാ ചരിത്രത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ വരുന്ന ഹരിഹരനാണ് ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയത്.ഈ സിനിമകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പഴശ്ശീരാജ, പരിണയം, സര്‍ഗം,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങി മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ഒരു കൂട്ടം സിനിമകളുടെയും സംവിധായകനാണ് ഹരിഹരന്‍. പഴശ്ശീരാജ, പരിണയം, സര്‍ഗ്ഗം എന്നി സിനിമകള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ഹരിഹരന്‍ കോഴിക്കോട്ടാണ് ജനിച്ചത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, മാവേലിക്കര ഫൈന്‍ ആര്‍ട്സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. ചിത്രകല അഭ്യസിച്ചിരുന്നു. കാര്‍ട്ടൂണിസ്റ്റ് പി കെ മന്ത്രിയായിരുന്നു ചിത്രകലാധ്യാപകന്‍. പിന്നെ, കോഴിക്കോട് യൂണിവേഴ്സല്‍ കോളേജില്‍ ചേര്‍ന്നു. രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമ നേടി. താമരശ്ശേരി ഒരു സ്‌കൂളില്‍ ജോലിയും കിട്ടി. പിന്നെ തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങി. ചലച്ചിത്ര നടന്‍ ബഹദൂറിനെ പരിചയപ്പെട്ടു. അങ്ങനെയാണു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com