സംസ്ഥാനത്ത് തീയറ്റര്‍ തുറക്കില്ല; തത്കാലം അടച്ചിടല്‍ തുടരാന്‍ ധാരണ

സംസ്ഥാനത്ത് തീയറ്റര്‍ തുറക്കില്ല; തത്കാലം അടച്ചിടല്‍ തുടരാന്‍ ധാരണ
സംസ്ഥാനത്ത് തീയറ്റര്‍ തുറക്കില്ല; തത്കാലം അടച്ചിടല്‍ തുടരാന്‍ ധാരണ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. വിവിധ ചലച്ചിത്ര സംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.

തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ തുടരുകയായിരുന്നു. നേരത്തെ വിവിധ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലും തത്കാലം തീയറ്ററുകള്‍ തുറക്കേണ്ടെന്ന ധാരണയിലാണ് എത്തിയത്.

തീയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.തുറക്കുകയാണെങ്കില്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തി തിയറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇത് അനുസരിച്ച് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിട വിട്ട സീറ്റുകളില്‍ മാത്രം ആളെ അനുവദിച്ചുകൊണ്ട് തീയറ്റര്‍ നടത്തിക്കൊണ്ടുപോവാനാവില്ലെന്നാണ് സംസ്ഥാനത്തെ ചലച്ചിത്ര സംഘടനകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com