ധ്രുവയുടെ നീണ്ട മുടി ഇനി കാൻസർ ബാധിതർക്ക്, ദാനം ചെയ്ത് താരം; വിഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 24th November 2020 10:34 AM |
Last Updated: 24th November 2020 10:34 AM | A+A A- |
കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്ത് കന്നഡ യുവതാരം ധ്രുവ സർജ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് മുടി ദാനം ചെയ്ത വിവരം ആരാധകരെ അറിയിച്ചത്. മുടി മുറിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന അടിക്കുറിപ്പിലാണ് വിഡിയോ.
കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കാനും താരം മറന്നില്ല. മുടിക്ക് പത്ത് ഇഞ്ച് നീളമുണ്ടെങ്കിൽ മുടി ദാനം ചെയ്യാൻ സാധിക്കും. കീമോതെറാപ്പി മൂലം മുടികൊഴിച്ചിൽ അനുഭവിക്കുന്ന 15 വയസിൽ താഴെയുള്ള കാൻസർ രോഗികൾക്ക് ഇത് ഉപയോഗിക്കാമെന്നും ധ്രുവ വിഡിയോയിൽ പറയുന്നുണ്ട്.
പൊഗാരു എന്ന സിനിമയില്‍ ഒപ്പിട്ടതുമുതില്‍ ധ്രുവ സര്‍ജ മുടി വളര്‍ത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടിയില്‍ പരീക്ഷണം നടത്തി. ഇപ്പോള്‍ പോഗാരുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാൻ തീരുമാനിച്ചത്. മുടി മുറിച്ച് പുത്തൻ ലുക്കിലാണ് ഇപ്പോൾ ധ്രുവ. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ എന്ന നിലയിലാണ് ധ്രുവ മലയാളികൾക്ക് പരിചിതനാകുന്നത്. ചിരഞ്ജീവിയുടെ വിയോഗ ശേഷം താരത്തിന്റെ ഭാര്യയും മലയാളി നടിയുമായ മേഘ്ന രാജിന് ശക്തമായ പിന്തുണയാണ് ധ്രുവ നൽകിയത്. മേഘ്നയ്ക്ക് കുഞ്ഞ് പിറന്നപ്പോൾ ആരാധകരെ ആദ്യം അറിയിച്ചതും ധ്രുവ സര്‍ജയാണ്.