ജല്ലിക്കട്ട് ഓസ്‌കറിന്; ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി
ജല്ലിക്കട്ട് ഓസ്‌കറിന്; ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാണ് ജല്ലിക്കട്ടിന് ലഭിച്ചത്. ഓസ്‌കറിലേക്കുള്ള ഇന്ത്യന്‍ നാമനിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കുന്ന 14 അംഗ കമ്മറ്റിയാണ് തീരുമാനം അറിയിച്ചത്. 

ചൈതന്യ തമാനേയുടെ 'ദ ഡിസിപ്പിള്‍', വിധു വിനോദ് ചോപ്രയുടെ 'ശിക്കാര', അനന്ത് നാരായണന്‍ മഹാദേവന്റെ 'ബിറ്റല്‍ സ്വീറ്റ്', ഗീതു മോഹന്‍ദാസിന്റെ 'മൂത്തോന്‍' എന്നീ സിനിമകള്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ സിനിമകളെയെല്ലാം പിന്തള്ളിയാണ് മലയാള ചിത്രമായ ജല്ലിക്കട്ട് ഓസ്കർ എൻട്രി നേടിയിരിക്കുന്നത്. 

കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാന്‍ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.  2019 ഒക്ടോബര്‍ നാലി‍‍ന് പ്രദർശനത്തിനെത്തിയ ചിത്രം ആ വർഷത്തെ ടൊറന്റോ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോവ അന്തരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനായി ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അദ്ദേഹം നേടിയത് ഇതേ ചിത്രത്തിനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com