മുഖക്കുരുവും വയറിലെ തൂങ്ങിയ ചർമവും ഇല്ല, ഇത് എന്റെ യഥാർത്ഥ രൂപമല്ല; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി
By സമകാലിക മലയാളം ഡെസ്ക് | Published: 26th November 2020 05:45 PM |
Last Updated: 26th November 2020 05:45 PM | A+A A- |
ഒരുകാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് സമീറ റെഡ്ഡി. എന്നാൽ വിവാഹശേഷം അഭിനയത്തിൽ നിന്ന് പിൻമാറിയ താരം ഇപ്പോൾവാർത്തകളിൽ നിറയുന്നത് ശക്തമായ നിലപാടിന്റെ പേരിലാണ്. പ്രസവശേഷം സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചെല്ലാം സമീറ തുറന്നു സംസാരിച്ചിരുന്നു. ഇപ്പോൾ പത്ത് വർഷം മുൻപത്തെ തന്റെ ഒരു മോഡലിങ് ഫോട്ടോ പങ്കുവെച്ച് സമീറ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
2010 ൽ എടുത്ത ചിത്രത്തെക്കുറിച്ചാണ് സമീറയുടെ കുറിപ്പ്. തന്റെ യഥാർത്ഥ രൂപമല്ല അതെന്നും എഡിറ്റ് ചെയ്ത് കൂടുതൽ വെളിപ്പിക്കുകയും തന്റെ ശരീരത്തെ കൂടുതൽ വടിവൊത്തതാക്കിയെന്നുമാണ് സമീറ കുറിച്ചത്. തന്റെ ശരീരത്തെ സ്നേഹിക്കാൻ തനിക്ക് ഇത്രനാൾ വേണ്ടിവന്നുഎന്നുമാണ് സമീറ പറയുന്നത്.
'ഈ ചിത്രത്തിൽ നീർച്ചുഴികളും മുഖക്കുരുവും നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ, വയറിൽ തൂങ്ങിക്കിടക്കുന്ന ചർമം കാണുന്നുണ്ടോ, യഥാർഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ?, ഈ ചിത്രത്തിൽ എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം പറയാം, എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങൾ വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ കയ്യിൽ എഡിറ്റ് ചെയ്യാത്ത യഥാർഥ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്നേഹിക്കാൻ എനിക്കൽപ്പം സമയം എടുക്കേണ്ടി വന്നു. നിങ്ങളെ ആനന്ദിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ''- സമീറ കുറിച്ചു.
Can you see the cellulite? The pimples? The loose skin on my belly? The real jawline? The real waist? Which part of my...
Posted by Sameera Reddy on Wednesday, November 25, 2020
താരത്തിന്റെ തുറന്നു പറച്ചിൽ ആരാധകരുടെ മനം കവരുകയാണ്. നിരവധി പേരാണ് സമീറയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനു മുൻപും തന്റെ നോ മേക്കപ്പ് ലുക്ക് തുറന്നു കാട്ടി താരം കയ്യടി നേടിയിട്ടുണ്ട്. തന്റെ മുഖത്തെ പാടുകളും മുടിയിലെ നരയുമെല്ലാം വ്യക്തമാക്കിക്കൊണ്ട് താരം ചിത്രം പങ്കുവെച്ചിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ്.