'എന്റെ അടിവസ്ത്രത്തെക്കുറിച്ച് അവർ ഉറക്കെ വിളിച്ചു പറഞ്ഞു': ദുരനുഭവം തുറന്നു പറഞ്ഞ് സോന മോഹപത്ര
By സമകാലിക മലയാളം ഡെസ്ക് | Published: 26th November 2020 03:37 PM |
Last Updated: 26th November 2020 03:37 PM | A+A A- |
വസ്ത്രധാരണത്തിന്റെ പേരിൽ കോളജ് പഠനകാലത്ത് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക സോന മോഹപത്ര. തന്റെ അടിവസ്ത്രം ചൂണ്ടിക്കാണിച്ച് സീനിയർ വിദ്യാർത്ഥികൾ അശ്ലീലകമന്റുകൾ വിളിച്ചുപറഞ്ഞുവെന്നാണ് ഗായിക വെളിപ്പെടുത്തിയത്. സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് വസ്ത്രധാരണം കൊണ്ടാണെന്ന് വിധിക്കുന്നവർക്കുള്ള മറുപടിയായാണ് തന്റെ അനുഭവം സോന തുറന്നു പറഞ്ഞത്.
എൻജിനീയറിങ് കോളജിൽ പഠിക്കുന്ന സമയത്താണ് സോന മോഹപത്രയ്ക്ക് സഹപാഠികളില് നിന്ന് മോശം അനുഭവമുണ്ടായത്. 'അയവുള്ള കുർത്തിയും സൽവാറും ധരിച്ചാണ് ഞാൻ കോളജിൽ പോയിരുന്നത്. ഒരു ദിവസം ലാബിലേയ്ക്കു നടന്നു പോകുന്നതിനിടയിൽ അവിടെ നിന്നിരുന്ന ഏതാനും സീനിയർ വിദ്യാർഥികൾ ചൂളമടിച്ചും എന്റെ അടിവസ്ത്രത്തെക്കുറിച്ചു വളരെ മോശമായി ഉറക്കെ വിളിച്ചു പറഞ്ഞും പരിഹസിച്ചു. അക്കൂട്ടത്തിൽ ഒരു വിദ്യാർഥി എന്റെയടുത്തു വന്നു ചോദിച്ചു, എന്താണ് മാറിടം പൂർണമായും മറയ്ക്കുന്ന തരത്തിൽ ഷോൾ ധരിക്കാത്തതെന്ന്. എന്നോടുള്ള കരുതലിന്റെ ഭാഗമായാണ് അദ്ദേഹം അന്ന് അത് ചോദിച്ചത്’- സോന പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് സോന. സോഷ്യൽ മീഡിയയിലൂടെയുള്ള ഐ നെവർ ആസ്ക് ഫോർ ഇറ്റ് എന്ന കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു ഗായികയുടെ പ്രതികരണം. ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന ഇരകളെ കുറ്റപ്പെടുത്തുന്നതിനെതിരെ ബ്ലാങ്ക് നോയ്സാണ് ക്യാംപയിന് തുടക്കമിട്ടത്. ഇത്തരത്തിൽ മോശം അനുഭവം നേരിട്ടിട്ടുള്ളവർ തുറന്നു പറയണമെന്നും സോന ആവശ്യപ്പെട്ടിരുന്നു.
അതിനിടെ താരത്തിനെ പരിഹസിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. പബ്ലിസിറ്റിക്കുവേണ്ടിയാണ് ഇത്തരത്തിൽ തുറന്നു പറച്ചിലുകൾ നടത്തുന്നത് എന്നായിരുന്നു കുറ്റപ്പെടുത്തൽ. അത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ ക്ലീവേജ് കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെക്കുന്നത് എന്തിനാണ് എന്നായിരുന്നു ഒരാളുടെ ചോദ്യം. തന്റെ ശരീരമാണെന്നും അതിനാൽ തനിക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നുമായിരുന്നു സോന മറുപടിയായി കുറിച്ചത്.