'ഒടിയൻ കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചിരുന്നെങ്കിൽ ആ സിനിമ നന്നായേനെ, എനിക്ക് കുറ്റബോധമുണ്ട്'; ലാൽജോസ്

ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയതെന്നും കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ മികച്ചതാക്കാമായിരുന്നു എന്നുമാണ് ലാൽ ജോസ് പറയുന്നത്
'ഒടിയൻ കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചിരുന്നെങ്കിൽ ആ സിനിമ നന്നായേനെ, എനിക്ക് കുറ്റബോധമുണ്ട്'; ലാൽജോസ്

മോഹൻലാലിനെ നായകനാക്കി ലാൽജോസ് ഒരുക്കിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. വലിയ പ്രതീക്ഷയോടെ എത്തിയതാണെങ്കിലും ചിത്രത്തിന് വിജയം നേടാനായില്ല. ചിത്രം പരാജയപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ലാൽ ജോസ്. ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയതെന്നും കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ മികച്ചതാക്കാമായിരുന്നു എന്നുമാണ് ലാൽ ജോസ് പറയുന്നത്. 'വെളിപാടിന്‍റെ പുസ്തക'ത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്. 'ഒടിയന്‍' കഴിഞ്ഞിട്ടു മതി എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ചിത്രം നന്നായേനെ- മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസു തുറന്നു. 

നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നതും ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബെന്നി പി നായരമ്പലം ഈ ചിന്ത പങ്കുവെച്ചപ്പോൾ ഇന്റർനാ‍ഷണൽ വിഷയമാണെന്നു തോന്നി. ക്ലാസിക് ആകേണ്ടിയിരുന്ന ചിത്രമായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. 

വെറും ഒന്‍പത് ദിവസം കൊണ്ടാണ് അതിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. 'ഒടിയന്‍' തുടങ്ങുന്നതിനു മുന്‍പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും. നിങ്ങളിപ്പോള്‍ റെഡ് ആണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്. 'അയാളും ഞാനും തമ്മില്‍' ഒന്നര വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. പക്ഷേ വെളിപാടിന്‍റെ പുസ്തകത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒന്‍പത് ദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി, പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന് ഒന്നുരണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി കൊടുത്തു. അടുത്ത മാസം ഇന്ന ജിവസം ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചയ്ക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ല.- ലാൽ ജോസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com