'ഇത് കിം ജോൻ യുങ്ങിന്റെ കിം അല്ല', മഞ്ജു വാര്യരുടെ പാട്ടിന്റെ അർത്ഥം പറഞ്ഞ് ഹരിനാരായണൻ

മഞ്ജുവാര്യർ പാടിയ ​ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
'ഇത് കിം ജോൻ യുങ്ങിന്റെ കിം അല്ല', മഞ്ജു വാര്യരുടെ പാട്ടിന്റെ അർത്ഥം പറഞ്ഞ് ഹരിനാരായണൻ

ഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിലെ ലിറിക് വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മഞ്ജുവാര്യർ പാടിയ ​ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കിംകിം എന്ന തുടങ്ങുന്ന ​ഗാനത്തിന്റെ വരികളും ആരാധകരെ കൺഫ്യൂഷനിലാക്കുന്നുണ്ട്. എന്താണ് ഈ കിം കിം എന്നാണ് അവരുടെ ചോദ്യം. ഉത്തര കൊറിയൻ നേതാവ് കിം ജോൻ യുങ്ങാണോ എന്നാണ് ചിലരുടെ സംശയം. ആരാധകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗാനത്തിന്റെ രചയിതാവ്  ഹരിനാരായണൻ. ഈ പാട്ടിന്റെ വരികളെക്കുറിച്ചും പാട്ടു വന്ന വഴിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 

കുറിപ്പ് വായിക്കാം

#കിംകിംകിംകിംകിംകിം
#വരാത്തതെന്തേ
#മേമേമേമേമേമേമേ

എന്താണ്  കിം കിം ? കിം ജോൻ യുങ്ങ് ആണോ ? കിം കി ഡുക് ആണോ ? അതോ വരിയൊപ്പിക്കാൻ വേണ്ടി എഴുതിയ അക്ഷരമാണോ ? എന്നൊക്കെ തമാശ രൂപേണയും അറിയാനുള്ള ആഗ്രഹം കൊണ്ടും പലരും ചോദിക്കുന്നുണ്ട്. അത്കൊണ്ട് എഴുതുന്നതാണ് 
കിം എന്ന വാക്കിന് എന്തേ എന്നർത്ഥമുണ്ട് സംസ്കൃതഭാഷയിൽ. മേ എന്ന വാക്കിന്  എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ്  അർത്ഥം വരുന്നത് .  അപ്പോൾ മൊത്തം വരിയുടെ അർത്ഥം 

#എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ  എന്നാകും 

സംസ്കൃതവും മലയാളവും ചേർത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന (മണിപ്രവാളം പോലെ എന്നു വേണമെങ്കിൽ പറയാം ) . പഴയ മലയാളം രചനകളിലും പഴയ കാല "സംഗീതനാടക " ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു .


ജാക്ക് എൻ ജില്ലിൻ്റെ (Jack N Jill ) പാട്ടു ചർച്ചയിൽ , സന്തോഷേട്ടൻ (#SanthoshSivan ) പറഞ്ഞത് പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നാണ്. ഞങ്ങൾ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് "ഒരിടത്ത് " സിനിമയിൽ ജഗന്നാഥൻ സാറിൻ്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിൻ്റെ വരികളെ കുറിച്ച് ഞാൻ പരമർശിച്ചത് .അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു .അങ്ങനെ അതിൻ്റെ ചുവടുപിടിച്ചു പോകാൻ തീരുമാനമായി

ഒരിടത്ത് എന്ന .ചിത്രത്തിൽ അഭിനയിച്ച വേണുച്ചേട്ടനോട് (Nedumudi Venu ) ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം M മണി സർ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്. .ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടൻ മണി സാറിനെ ഇൻ്റർവ്യൂ ചെയ്തപ്പോൾ ഈ പാട്ടു പാടിയെന്നും ,ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദൻ സർ ചലച്ചിത്രത്തിൽ ഈ പാട്ടിൻ്റെ ഭാഗം ഉപയോഗിച്ചതും എന്നും വേണുച്ചേട്ടൻ പറഞ്ഞു.

രവിയേട്ടൻ ( രവി മേനോൻ ) വഴി വൈക്കം M.മണി സാറിൻ്റെ മകളും , ശ്രീകുമാരൻ തമ്പി സാറിൻ്റെ പത്നിയുമായ #രാജി ചേച്ചിയോട് സംസാരിച്ചു . അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തിൽ മണി സാർ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്. തിരുവനന്തപുരം
ആകാശവാണി ലൈബ്രറയിൽ മണി സാർ പാടിയതിൻ്റെ റക്കോർഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞത് .

"കാന്ത തൂകുന്നു തൂമണം" എന്നു തുടങ്ങുന്ന മേൽ പറഞ്ഞ പാട്ടിൻ്റെ രചയിതാവിനേ കുറിച്ചോ ,സംഗീത സംവിധായകനെ കുറിച്ചോ ,നാടകമുണ്ടായ വർഷത്തെ കുറിച്ചോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല .. അന്വേഷണത്തിൻ്റെ പരിമിതി കൊണ്ടാണത് എന്നറിയാം .ആ അന്വേഷം നടക്കട്ടെ സംഗീത ലോകത്തിന് അത് കണ്ടെത്താൻ കഴിയട്ടെ എന്നാണ് വലിയ ആഗ്രഹം 

പുല്ലും കല്ലും കട്ടയും നിറഞ്ഞ വയലുകളാണ് ഇത്തരം നാടകങ്ങൾ നടന്നിരുന്നത്. മിക്കപ്പോഴും തറയിൽ തന്നെ കാലടി നൊന്ത് കളിക്കണം പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല . മൈക്കില്ല, പാടാൻ പിന്നണിക്കാരില്ല. ഉച്ചത്തിൽ തൊണ്ട പൊട്ടി പാടണം വലിയ ചലനങ്ങളോടെ ആടണം .കാരണം സദസ്സിൻ്റെ ഏറ്റവും പിന്നിലുള്ള കാണിക്കു വരെ പാടുന്നത് പറയുന്നത് എന്തെന്ന് കേൾക്കണം . നടനം മനസ്സിലാവണം. അതിന് വേദിയോട് വേദി തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല കലാകാരൻമാർക്കും ജീവിത വസാനം നീക്കിയിരിപ്പായി ലഭിക്കുന്നത് മാരകമായ ക്ഷയരോഗമാണ്!

ആ ഒരു കാലത്തിന് ,അന്നത്തെ കലാകാരൻമാർക്ക് ,അവർ ജീവിതവും ചോരയും നീരും ഉഴിഞ്ഞു നൽകിയുണ്ടാക്കിയ നാടകങ്ങൾക്ക് ഉള്ള എളിയ സമർപ്പണമാണ് ഈ ഗാനം.

സ്നേഹം എല്ലാർക്കും

NB : കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്പെൻസ്. ഇങ്ങനൊരു പാട്ടുണ്ടാവാൻ കാരണക്കാരനായ പ്രിയ സന്തോഷേട്ടനും(#SanthoshShivan ,രാമേട്ടനും ( Ram Surendar ) മഞ്ജു ചേച്ചിക്കും (#Manjuwarrier) സ്നേഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com