കാറുമായി വരൂ, ഈ തീയറ്ററിൽ നിങ്ങൾക്ക് സിനിമ കാണാം; കൊച്ചിയിലെ ആദ്യ പ്രദർശനം ഞായറാഴ്ച

ഞായറാഴ്ച കൊച്ചിയിലെ ലെ മെറിഡിയനിലാണ് പുതിയ സിനിമ അനുഭവത്തിന് തുടക്കമാകുന്നത്
കാറുമായി വരൂ, ഈ തീയറ്ററിൽ നിങ്ങൾക്ക് സിനിമ കാണാം; കൊച്ചിയിലെ ആദ്യ പ്രദർശനം ഞായറാഴ്ച

കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളായി തീയെറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ഈ മാസം പകുതിയോടെ തീയെറ്ററുകൾ തുറക്കാനുള്ള അനുമതി ലഭിച്ചെങ്കിലും കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ വർധിച്ചതോടെ തീയെറ്ററുകൾ നൽകുന്ന സിനിമ അനുഭവത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. എന്നാൽ ഇപ്പോൾ ഇതാ കൊച്ചിയിൽ കാറുകളിൽ ഇരുന്ന് സിനിമ കാണാനുള്ള അവസരം ഒരുങ്ങുകയാണ്. 

‘ഡ്രൈവ് ഇൻ സിനിമ’ എന്ന് പേരിട്ടിരിക്കുന്ന സിനിമക്കാഴ്ച ലോക്ഡൗൺകാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയെങ്കിലും കേരളത്തിൽ ആദ്യമാണ്. ഞായറാഴ്ച കൊച്ചിയിലെ ലെ മെറിഡിയനിലാണ് പുതിയ സിനിമ അനുഭവത്തിന് തുടക്കമാകുന്നത്. നിങ്ങളുടെ കാറിൽത്തന്നെയിരുന്ന്‌ ദൃശ്യത്തിന്റേയും ശബ്ദത്തിന്റേയും മികവോടെ സിനിമ അനുഭവിക്കാം. 

തുറസ്സായ സ്ഥലത്ത് കാറുകളിൽത്തന്നെയിരുന്ന് വലിയ സ്‌ക്രീനിലൂടെ സിനിമ കാണാവുന്നതാണ് ഈ സംവിധാനം. കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യും. കാറിന്റെ സ്പീക്കറിലൂടെ സിനിമയുടെ ശബ്ദവുമെത്തും. ഇതിന് കാറിനുള്ളിലെ എഫ്.എം. റേഡിയോ നിശ്ചിത ഫ്രീക്വൻസിയിൽ ട്യൂൺ ചെയ്താൽ മതി. 

കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാവും കൊച്ചിയിലെ സ്പെഷ്യൽ പ്രദർശനം. കാറിൽ പരമാവധി നാലുപേർക്കാണ് ഇരിക്കാനാവുക. മാസ്കും, സാനിറ്റൈസറും നിർബന്ധമാണ്. പ്രവേശന കവാടത്തിൽ താപനില പരിശോധിക്കും. ശൗചാലയം ഉപയോഗിക്കാനും ഭക്ഷണം വാങ്ങാനുമൊഴികെ മറ്റൊരു സമയത്തും ആർക്കും കാറിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. അടുത്തയാഴ്ച മുതൽ ശനിയും ഞായറുമായിരിക്കും പ്രദർശനം. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും നടന്ന ഡ്രൈവ് ഇൻ സിനിമ, സൺസെറ്റ് സിനിമാ ക്ലബ്ബാണ് കൊച്ചിയിലും എത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com