കത്തിയമരാനായി കാത്തു കിടക്കുന്ന മൃതദേഹം, നീറി പുകഞ്ഞ് രണ്ട് പെണ്ണുങ്ങളും; 'ബേണിങ്' ഷോർട്ട് ഫിലിം

മാധ്യമപ്രവര്‍ത്തകനായ വിഎസ് സനോജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
കത്തിയമരാനായി കാത്തു കിടക്കുന്ന മൃതദേഹം, നീറി പുകഞ്ഞ് രണ്ട് പെണ്ണുങ്ങളും; 'ബേണിങ്' ഷോർട്ട് ഫിലിം

കാശിയിൽവച്ച് ആദ്യമായി കണ്ടുമുട്ടുന്ന രണ്ട് സ്ത്രീകൾ. ഒരാൾ ഭർത്താവും വീട്ടുകാരും ക്രൂരമായി കൊലചെയ്യപ്പെട്ടവൾ. സാമ്പത്തികമായും ജാതീയമായും താഴ്ന്ന നിലയിലുള്ളവർ. മറ്റൊരാൾ സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർ. ഇരുവരേയും ഒന്നിപ്പിക്കുന്നത് അവരുടെ മക്കളുടെ മരണമാണ്. മൃതശരീരം വാങ്ങാനും വിൽക്കാനും വന്നവർ. എന്നാൽ അവർ സംസാരിക്കുന്നത് ഇരുവരുടേയും ജീവിതത്തെക്കുറിച്ചാണ്. സമൂഹത്തിന്റെ രണ്ട് ദിശയിൽ നിൽക്കുമ്പോഴും ഇവർ അനുഭവിക്കുന്നത് ഒരേ വേദനയാണ്. ബേണിങ് എന്ന ഹ്രസ്വചിത്രമാണ് വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രമേയം കൊണ്ടും ശ്രദ്ധ നേടുന്നത്. 

മാധ്യമപ്രവര്‍ത്തകനായ വിഎസ് സനോജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 17 മിനിറ്റ് ദൈർഘ്യം വരുന്ന ചിത്രത്തിലുള്ളത് ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതമാണ്. താഴ്ന്ന ജാതിയിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീക്കും ഉയർന്ന ജാതിയും സാമ്പത്തികവുമുള്ള സ്ത്രീക്കും ജീവിതം എത്രത്തോളം വിഷമകരമായിരിക്കും എന്ന് ഇതിലൂടെ കാണിച്ചുതരുന്നു. തങ്ങൾ അനുഭവിക്കുന്ന വേദനകൾ പരസ്പരം പങ്കുവെച്ചുകഴിയുമ്പോൾ അടുത്ത ജന്മത്തിൽ സഹോദരിമാരായി ജനിക്കാൻ ഇവർ ആ​ഗ്രഹിക്കുന്നുണ്ട്. 

പ്രീത എന്ന കഥാപാത്രത്തിന് അനുഭവിക്കേണ്ടി വന്ന ക്രൂരത ഒരിക്കലും നമ്മെ അമ്പരപ്പിക്കില്ല, പ്രണയത്തിന്റെ പേരിൽ അച്ഛനും അമ്മയും കൊലചെയ്യപ്പെട്ടതിനെക്കുറിച്ചും പണത്തിന്റെ പേരിൽ ഭർത്താവിനെ കഴുത്തരിഞ്ഞതിനെക്കുറിച്ചും നിർവികാരമായി അവൾ സംസാരിക്കുന്നുണ്ട്. എന്നാൽ സമകാലിക ഇന്ത്യയെ ഇത് ഒരിക്കലും ഞെട്ടിക്കില്ല. യുപിയില്‍ സവര്‍ണജാതിയില്‍ പെട്ട നാല് പേര്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും തുടർന്ന് പെൺകുട്ടിയ്ക്കും കുടുംബത്തിനും നേരെയുണ്ടായ അക്രമവും അതിന് ഏറ്റവും വലിയ തെളിവാണ്. മരിച്ചതിന് ശേഷം അവൾക്ക് ചിത ഒരുക്കാനുള്ള അവസരം പോലും കുടുംബത്തിന് നഷ്ടമായി.  ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന പെൺ ജീവിതങ്ങളെ എടുത്തു കാണിച്ച് ഒരു ചിത കത്തിയമരുന്ന ദൃശ്യത്തോടെയാണ് ബേണിങ് അവസാനിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ജിനോയ് ജോസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കേതകി നാരായണും റുക്‌സാന തബസുമാണ്.  മനേഷ് മാധവന്റേതാണ് ഛായാഗ്രഹണം. ബിജിബാലാണ് സം​ഗീതം. നിരവധി അവാർഡുകളാണ് ഇതിനോടകം ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com