ഗിറ്റാർ മാന്ത്രികൻ എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

ഹൃദയഭേദകമായ കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ മകൻ വോള്‍ഫ് വാൻ ഹാലനാണ് മരണവിവരം പുറത്തുവിട്ടത്
ഗിറ്റാർ മാന്ത്രികൻ എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

വാഷിങ്ടണ്‍: ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു. 65 വയസായിരുന്നു. ദീർഘനാളായി കാൻസർ പോരാട്ടത്തിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയഭേദകമായ കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ മകൻ വോള്‍ഫ് വാൻ ഹാലനാണ് മരണവിവരം പുറത്തുവിട്ടത്. 

അച്ഛന്റെ മരണത്തെക്കുറിച്ച് എഴുതുകയൊണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ അച്ഛൻ എഡ്ഡി വാന്‍ ഹാലന്‍ നീണ്ട നാളത്തെ കാൻസർ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. എനിക്ക് ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച അച്ഛനായിരുന്നു അദ്ദേഹം. സ്റ്റേജിലും പുറത്തും അദ്ദേഹത്തിനൊപ്പം പങ്കുവെച്ച വിലപ്പെട്ടനിമിഷങ്ങളെല്ലാം സമ്മാനങ്ങളായിരുന്നു. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ഈ നഷ്ടത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും കരകയറുമെന്ന് കരുതുന്നില്ല. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു- വോള്‍ഫ് വാൻ ഹാലൻ കുറിച്ചു. 

1955 ൽ നെതർലാന്റ്സിലെ ആംസ്റ്റർഡാമിലാണ് എഡ്ഡി ജനിച്ചത്. പിന്നീട് കാലിഫോർണിയയിലേക്ക് കുടിയേറുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജാൻ വാൻ ഹെലൻ അറിയപ്പെടുന്ന സം​ഗീതജ്ഞനായിരുന്നു. 1970 കളുടെ തുടക്കത്തിൽ സഹോദരൻ അലക്സിനൊപ്പം എഡ്ഡി  വാൻ ഹാലൻ റോക്ക് ബാൻഡ് സ്ഥാപിച്ചു. എക്കാലത്തേയും മികച്ച റോക്ക് ബാന്റായിട്ടാണ് ഇത് അറിയപ്പെടുന്നത്. 

1984ല്‍ അമേരിക്കയിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി. റോളിങ് സ്റ്റോണ്‍ മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനമാണ് എഡ്ഡി വാന്‍ ഹാലന് ലഭിച്ചത്. 2012-ൽ  വേൾഡ് മാഗസിൻ,  ലോകത്തിലെ ഏറ്റവും മികച്ച ​ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com