അപകീർത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് നൗവിനും എതിരെ കേസുമായി ബോളിവുഡിലെ പ്രമുഖ നിർമാതാക്കൾ

അപകീർത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് നൗവിനും എതിരെ കേസുമായി ബോളിവുഡിലെ പ്രമുഖ നിർമാതാക്കൾ
അപകീർത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് നൗവിനും എതിരെ കേസുമായി ബോളിവുഡിലെ പ്രമുഖ നിർമാതാക്കൾ


 
ന്യൂഡൽഹി: റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും നാല് മാധ്യമ പ്രവർത്തകർക്കുമെതിരെ കേസ് ഫയൽ ചെയ്ത് ബോളിവുഡിലെ പ്രമുഖ നിർമാതാക്കളും ചലച്ചിത്ര സംഘടനകളും. ബോളിവുഡ് വ്യവസായത്തെ അപകീർത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്. 

ബോളിവുഡിലെ 34 മുൻനിര നിർമാതാക്കൾ, നാല് ചലച്ചിത്ര സംഘടനകൾ എന്നിവ ചേർന്നാണ് ന്യൂസ് ചാനലുകളായ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും അതിലെ നാല് മാധ്യമപ്രവർത്തകർക്കുമെതിരേ അപകീർത്തിക്ക് കേസ് ഫയൽ ചെയ്തത്. ഒക്ടോബർ 12 ന് ഡൽഹി ഹൈക്കോടതിയിലാണ് സിവിൽ കേസ് ഫയൽ ചെയ്തത്.

നടൻ അമീർ ഖാന്റെ അമീർ ഖാൻ പ്രൊഡക്ഷൻസ്, സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള സൽമാൻ ഖാൻ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ റിപ്പബ്ലിക് ടിവി, അർണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുൽ ശിവശങ്കർ, നവിക കുമാർ എന്നീ പേരുകൾ എടുത്തു പറഞ്ഞാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ബോളിവുഡിലുള്ളവരെ മാധ്യമ വിചാരണ നടത്തുകയോ ബോളിവുഡിനെതിരെ നിരുത്തരവാദപരവും അവഹേളനപരവും അപകീർത്തികരവുമായ പരാമർശങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അസോസിയേഷനുകൾ കോടതിയോട് അഭ്യർത്ഥിച്ചു.

അഴുക്ക്, മാലിന്യം, കുംഭകോണം, മയക്കുമരുന്ന് എന്നിങ്ങനെയുള്ള അവഹേളനപരമായ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. അഴുക്ക് വൃത്തിയാക്കേണ്ടത് ബോളിവുഡാണ്, ബോളിവുഡിന്റെ അടിവയറ്റിലെ ഈ മാലിന്യവും ദുർഗന്ധവും ശമിപ്പിക്കാൻ അറേബ്യയിലെ മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾക്കും കഴിയില്ല, ഇതാണ് രാജ്യത്തെ ഏറ്റവും മോശം വ്യവസായം, കൊക്കെയ്ൻ, എൽഎസ്ഡി എന്നിവ ബോളിവുഡിനെ മുക്കി എന്നീ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

ദി ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, സിഐഎൻടിഎഎ, ഇന്ത്യൻ ഫിലിം ആൻഡ് ടിവി പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷൻ, ആമിർ ഖാൻ പ്രൊഡക്ഷൻസ്, ആഡ് ലാബ്‌സ് ഫിലിംസ്, ആന്ദോളൻ ഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് നെറ്റ്‌വർക്‌സ്‌, അർബാസ് ഖാൻ പ്രൊഡക്ഷൻസ്, അശുതോഷ് ഖവാരിക്കർ പ്രൊഡക്ഷൻസ്, ബിഎസ്‌കെ നെറ്റ്‌വർക്‌സ്‌
ആൻഡ് പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, ക്ലീൻ സ്ലേറ്റ് ഫിലിംസ്, ധർമ്മ പ്രൊഡക്ഷൻസ്, എമ്മെയ് എന്റർടൈൻമെന്റ് ആൻഡ് പ്രൊഡക്ഷൻസ്, എക്‌സൽ എന്റർടെയ്ൻമെന്റ്, ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷൻസ്, ഹോപ് പ്രൊഡക്ഷൻസ്, കബീർ ഖാൻ ഫിലിംസ്, ലവ് ഫിലിംസ്, മാക്ഗഫിൻ പിക്‌ചേഴ്‌സ്, നാഡിയാദ് വാല ഗ്രാൻഡ്‌സൺ എന്റർടെയ്ൻമെന്റ്, വൺ ഇന്ത്യ സ്റ്റോറീസ്, ആർഎസ് എന്റർടൈൻമെന്റ്, രാകേഷ് ഓം പ്രകാശ് മെഹ്‌റ പിക്‌ചേർസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, റീൽ ലൈഫ് പ്രൊഡക്ഷൻ, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ്, രോഹിത് ഷെട്ടി പിക്‌ചേഴ്‌സ് പിക്‌ചേഴ്‌സ്, റോയ് കപൂർ ഫിലിംസ്, സൽമാൻ ഖാൻ ഫിലിംസ്, ശിഖ്യ എന്റർടൈൻമെന്റ്, സൊഹൈൽ ഖാൻ പ്രൊഡക്ഷൻസ്, ടൈഗർ ബേബി ഡിജിറ്റൽ, വിനോദ് ചോപ്ര ഫിലിംസ്, വിശാൽ ഭരദ്വാജ് പിക്‌ചേഴ്‌സ്, യഷ് രാജ് ഫിലിംസ്‌ എന്നീ സംഘടനകളും നിർമാതാക്കളുമാണ് കേസ് നൽകിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com