ഇഷ്ടവും പാഷനുമല്ല കാമറയ്ക്ക് മുന്നിലെത്തിച്ചത്; അഭിനയം നിര്‍ത്താന്‍ ആലോചിച്ച കനിയില്‍ നിന്ന് മികച്ച നടിയിലേക്ക് 

2003ല്‍ അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് കനി സിനിമ അഭിനയം തുടങ്ങിയത്
ഇഷ്ടവും പാഷനുമല്ല കാമറയ്ക്ക് മുന്നിലെത്തിച്ചത്; അഭിനയം നിര്‍ത്താന്‍ ആലോചിച്ച കനിയില്‍ നിന്ന് മികച്ച നടിയിലേക്ക് 

'നാടകങ്ങളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാതിരുന്ന സമയത്ത് ഒരു സഹായത്തിന് എന്ന രീതിയിലാണ് പോയത്. അഭിനയിക്കാനറിയില്ലെങ്കിലും നാടക സംഘത്തിന് ഒരു പെണ്‍കുട്ടിയെ വേണമായിരുന്നു. അങ്ങനെ വല്ലാത്ത ഗതികേടിലായ സമയത്ത് സഹായിക്കനായി പോയതാണ്', അഭിനയത്തിലേക്കെത്തിയത് എങ്ങനെയെന്ന് ചോദിച്ചാല്‍ കനിക്ക് പറയാനുള്ള ഉത്തരം ഇതാണ്. എനിക്കിഷ്ടമുണ്ടായിട്ട് ചെയ്തതല്ല അഭിനയമെന്നും പാഷന്‍ കൊണ്ടല്ല ഇവിടെയെത്തിയതെന്നും കനി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

2003ല്‍ അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് കനി സിനിമ അഭിനയം തുടങ്ങിയത്. കോക്ക്‌ടെയില്‍, ഉറുമി, നോര്‍ത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ ഒരു ശ്രദ്ധേയ വേഷം കനിയെ തേടിയെത്തിയില്ല. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങള്‍ തേടിയെത്തുമ്പോഴും മലയാളം കനിയെ അകറ്റിനിര്‍ത്തുകയായിരുന്നു. മലയാളത്തില്‍ അവസരങ്ങള്‍ കിട്ടാത്തതിനെക്കുറിച്ച് കനി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

'ബിരിയാണി'യിലെ രംഗം
'ബിരിയാണി'യിലെ രംഗം

'ഓഡീഷന് പങ്കെടുത്തോട്ടെ എന്ന് പലരോടും ഞാന്‍ അങ്ങോട് ചോദിക്കാറുണ്ട്. ചിലരോടൊക്കെ ചോദിക്കുമ്പോള്‍ പറയും, വേറൊരു ഇമേജ് ആണ് കനിക്കെന്ന്. ഓഡീഷന്‍ ചെയ്യാന്‍ പോലും ചിലപ്പോള്‍ വിളിക്കില്ല', മുമ്പ് നല്‍കിയ അഭിമുഖത്തില്‍ കനി പറഞ്ഞതിങ്ങനെ. 

നല്ല വേഷങ്ങള്‍ ലഭിക്കാനായി വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് പറയുന്ന സംവിധായകര്‍ക്കെതിരെ തുറന്നടിക്കുന്ന കനിയെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. അവസരങ്ങളെക്കാള്‍ അധികം നിലപാടുകളില്‍ ഉറച്ച വ്യക്തിത്വമാണെന്ന് കനി തെളിയിച്ചത് ശക്തമായ തുറന്നുപറച്ചിലുകളിലൂടെയാണ്. വിട്ടുവീഴ്ചകള്‍ക്കായി നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്ന് പോലും കനി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അഭിനയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിടത്തുനിന്ന് മികച്ച നടിയായി അംഗീകരിക്കപ്പെടുമ്പോള്‍ ബിരിയാണിയിലെ ഖദീജയെപ്പോലെ ഒരു വേറിട്ട പ്രതികാര രീതിയിലൂടെ നേട്ടത്തിലേക്ക് നടന്നുകയറുകയാണ് കനി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com